നിലച്ചു പോയ ദ്രാവിഡ രൌദ്രത

PRO
നെരൂദയെന്ന അനശ്വര കവി തന്‍റെ കവിതകളിലൂടെയാണ് അധിനിവേശത്തിന് എതിരെ പോരാടിയത്. നാഗരികര്‍ ഇല്ലാതാക്കിയ ആദിമ ഗോത്ര സംസ്‌കൃതികളുടെ വേദന ഏറ്റുവാങ്ങി അദ്ദേഹം എഴുതി. കടമ്മനിട്ടയും അതു പോലെയായിരുന്നു.

കുറത്തിയുടെയും കാട്ടാളന്‍റെയും തെയ്യത്തിന്‍റെയും കറുത്ത ദ്രാവിഡ രൌദ്രത അദ്ദേഹം തന്‍റെ കവിതകളിലേക്ക് ആവാഹിച്ച് സാംസ്‌കാരിക ഹത്യയ്‌ക്കെതിരെ പോരാടി.

മലയാളത്തിന്‍റെ ദ്രാവിഡ സ്വരമായിരുന്നു കടമ്മനിട്ട രാമകൃഷ്‌ണന്‍റേത്. കവിത അദ്ദേഹത്തിന് രാഷ്‌ട്രീയമായിരുന്നു. കടമ്മനിട്ടയുടെ കവിത മൃദു സ്വഭാവങ്ങങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല.

‘കറുത്ത മക്കളെ ഇല്ലാതാക്കിയത്‘ എന്തിനാണെന്ന് ചങ്കൂറ്റത്തോടെ ചോദിച്ച കവിയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്‘ അദ്ദേഹം ചോദിച്ചു. ഒരു പാടുപേര്‍ വിയര്‍പ്പ് ഒഴുക്കി പോരാട്ടം നടത്തിയതുകൊണ്ടാണ് ഓരോ തലമുറയ്‌ക്കും തല ഉയര്‍ത്തി നടക്കുവാന്‍ കഴിയുന്നതെന്ന് അദ്ദേഹത്തിന്‍റെ ഈ വരികള്‍ നമ്മളെ ഓര്‍മ്മിപ്പിയ്‌ക്കുന്നു.

കടമ്മനിട്ട കാവ്യ ദേവതയ്‌ക്ക് അര്‍ത്ഥവും ഭാവവും അമ്മ ദൈവങ്ങളുടെ വാത്സല്യവും നിവേദിച്ചു. അനശ്വരനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അടുത്ത കാലത്ത് പറഞ്ഞിരുന്നു. പക്ഷെ, കവിതയിലൂടെ ഐതിഹാസിക പോരാട്ടം നടത്തിയ കടമ്മനിട്ട അനശ്വരനായില്ലെങ്കില്‍ നിറംകെടുക അനശ്വരതയുടെ മൂല്യമായിരിക്കും.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ഒരു കാലത്ത് അദ്ദേഹത്തിന്‍റെ കവിതകള്‍ പ്രസിദ്ധീകരിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അതൊന്നും വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. അവര്‍ക്ക് വേണ്ടി തൊണ്ട പൊട്ടുന്ന സ്വരത്തില്‍ കവിത പാടി.


ചുടലക്കളത്തിലെ വെണ്ണീറിന്‍റെ വീര്യം ഉള്‍ക്കൊണ്ട കടമ്മനിട്ടയുടെ കവിതകള്‍ നാഗരിതയ്‌ക്കും വ്യവസ്ഥയ്‌ക്കും എതിരെ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഓരോ വരിയും അപാരമായ വേദനയ്‌ക്കു ശേഷമായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

പടയണിപാട്ടിന്‍റെയും കടമ്മനിട്ടയെന്ന ഗ്രാമത്തിന്‍റെയും തിളക്കം വര്‍ദ്ധിപ്പിച്ച ഈ കാവ്യോപാസകന്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കവിതകള്‍ എഴുതിയില്ല. ഒരു പാട് കാലമെടുത്താണ് അദ്ദേഹം ശാന്ത എഴുതിയതെന്ന് കെ.ജി.ശങ്കരപ്പിള്ള ഓര്‍ക്കുന്നു.

വേദനയുടെ പോരാട്ടത്തിന്‍റെ പ്രതിനിധാനങ്ങളായ അദ്ദേഹത്തിന്‍റെ കവിതകള്‍ നെരൂദ കവിതകള്‍ പോലെ കരുത്തിന്‍റെ രൌദ്ര താളം പകരുന്ന താരകങ്ങളായി കൈരളിയില്‍ വിരാജിക്കും. ‘കവിതയെ ജനകീയമാക്കിയ കവിയാണ് കടമ്മനിട്ട‘,എം‌ടി വാസുദേവന്‍ പറയുന്നു.

ചില്ലു ഗോപുരത്തിലെ കവിതാ ദേവതയെ അദ്ദേഹം അദ്ധ്വാനിക്കുന്നവന്‍റെയും പോരാട്ടം നടത്തുന്നവന്‍റെയും ഇടയിലേക്ക് എഴുന്നുള്ളിച്ചുക്കൊണ്ടു വന്നു. ഈ കവിയ്‌ക്ക് മലയാളികളുടെ മനസ്സില്‍ മരണമില്ല. ഏതെങ്കിലും കാരണവശാല്‍ മരിക്കുകയാണെങ്കില്‍ മരിക്കുക മലയാള കവിതയായിരിക്കും.

വെബ്ദുനിയ വായിക്കുക