നികേഷ് രാജിവച്ചത് ഐസ്ക്രീം വിവാദത്തില്‍?

തിങ്കള്‍, 31 ജനുവരി 2011 (16:40 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ കേസിനെ കുറിച്ചുള്ള വിവാദ രേഖകള്‍ പുറത്തുവിട്ട ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് മുന്‍ സി‌ഇഒ നികേഷ് കുമാറിന്റെ പടിയിറക്കത്തിനു പിന്നില്‍ എഡിറ്റോറിയല്‍ - മാനേജ്മെന്റ് തര്‍ക്കമോ?. ഐസ്ക്രീം പാര്‍ലര്‍ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിനെ ചൊല്ലി നികേഷും മുനീറും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ അവസാനമായിരുന്നത്രേ നികേഷ് ഇന്ത്യാവിഷനെ ഉപേക്ഷിച്ചത്.

റൌഫ് നല്‍കിയ തെളിവുകള്‍ വാര്‍ത്തയാക്കാന്‍ വിസമ്മതിച്ചതു കാരണമാണ് ഇന്ത്യാവിഷന്‍ മുന്‍ സി‌ഇ‌ഒ നികേഷ്കുമാര്‍ രാജി വയ്ക്കാനിടയായതെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ ചെയര്‍മാന്‍ എം കെ മുനീര്‍ വാര്‍ത്ത പുറത്തുവിടണം എന്ന ഉറച്ച നിലപാട് സ്വീകരിച്ചതാണത്രേ നികേഷിന്റെ രാജിയിലേക്ക് നയിച്ചത്.

മുമ്പ്, റജീനയുടെ അഭിമുഖം സം‌പ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയും ഇന്ത്യാവിഷനും തമ്മിലുള്ള അടുപ്പം ഇല്ലാതായിരുന്നു. എന്നാല്‍, ഇതു പിന്നീട് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനു ശേഷം, കുഞ്ഞാലിക്കുട്ടിയുടെ അഭിമുഖം ഇന്ത്യാവിഷനില്‍ സം‌പ്രേക്ഷണം ചെയ്യുകയും മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധം സാധാരണനിലയില്‍ എത്തുകയും ചെയ്തിരുന്നു. പിന്നീടു വെളിയില്‍ വന്ന പല അഭിമുഖങ്ങളിലും കുഞ്ഞാലിക്കുട്ടി തന്റെ ചെയ്തികളില്‍ പശ്ചാത്താപ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടി തികച്ചും പുതിയൊരാളാവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വീക്ഷിച്ച നികേഷിന് അദ്ദേഹത്തിന്റെ ഭൂതകാലം ചികഞ്ഞിട്ട് വീണ്ടുമൊരു പോസ്റ്റ്‌മാര്‍ട്ടം നടത്തുന്നതിന് തീരെ താല്‍‌പര്യമുണ്ടായിരുന്നില്ലത്രേ. അതിനാല്‍ തന്നെ റൌഫ് കൊണ്ടുവന്ന തെളിവുകള്‍ ഉപയോഗിച്ച് വാര്‍ത്ത സൃഷ്ടിക്കാന്‍ നികേഷ് താല്‍‌പര്യപ്പെട്ടില്ല. എന്നാല്‍, കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്ന് റൌഫ് പറഞ്ഞത് മുനീര്‍ അതേ അര്‍ത്ഥത്തില്‍ സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

റൌഫിന്റെ ലക്‍ഷ്യം ശുദ്ധമല്ല എന്നും രേഖകളില്‍ ആധികാരികതയുണ്ടോ എന്നും നികേഷ് സ്വാഭാവികമായി സംശയിച്ചിരുന്നു. പോരാത്തതിന്, റൌഫിന്റെ വാക്കുകള്‍ വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഒരു ആക്രമണം നടത്താനുള്ള ചെയര്‍മാന്റെ നീക്കവും നികേഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് എഡിറ്റോറിയല്‍ - മാനേജ്മെന്റ് തര്‍ക്കം രൂക്ഷമാക്കുകയും അവസാനം നികേഷ് പടിയിറങ്ങുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഇടപെടില്ല എന്ന മുനീറിന്റെ ഇപ്പോഴത്തെ പ്രസ്താവന വെറും വാക്കാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വാര്‍ത്തയെ കുറിച്ച് മുനീര്‍ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക