നാര്‍കോ അല്ലെങ്കില്‍ ‘മാനസിക ബലാത്സംഗം’ ഇനി വേണ്ട!

വെള്ളി, 7 മെയ് 2010 (10:52 IST)
PRO
"ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാ”ണ് ഇന്ത്യന്‍ നീതിപീഠത്തിന്‍റെ ആപ്തവാക്യം. നാര്‍കോ അനാലിസിസ് പോലുള്ള ‘കുറ്റാന്വേഷണ പരീക്ഷണങ്ങള്‍’ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ നമ്മുടെ പരമോന്നത കോടതിക്ക് പ്രേരണയായതും ഇതായിരിക്കാം. നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവ നിരോധിച്ചാല്‍ ചിലപ്പോള്‍ അത് വന്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയേക്കാം. എന്നാല്‍, ഒട്ടനവധി സാധാരണ പൌരന്‍‌മാര്‍ക്ക് ഈ നിരോധനം ഒരു രക്ഷാകവചമായേക്കും.

അഭിപ്രായസ്വാതന്ത്ര്യത്തിനു തുല്യമായി അഭിപ്രായം മറച്ചു വയ്ക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന നല്കുന്നുണ്ട്. നിയമവിദഗ്ധരുടെ അഭിപ്രായത്തില്‍ ഭരണഘടന ഒരു പൌരന് നല്കുന്ന രണ്ട് ഭരണഘടനാ‍ അനുഛേദങ്ങളുടെ ലംഘനം കൂടിയായിരുന്നു നാര്‍കോ അനാലിസിസ്. അനുഛേദം 23 സെക്ഷന്‍ മൂന്നും, അനുഛേദം 121ഉം. ഒരാള്‍ക്കെതിരെ അയാളെക്കൊണ്ടു തന്നെ മൊഴി പറയിപ്പിക്കുന്നതു വിലക്കുന്ന വകുപ്പാണു ഭരണഘടന 20(3). സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പു വരുത്തുന്നതാണ് 121ാം വകുപ്പ്. അതായത്, ഭരണഘടനയുടെ ഉള്ളിലിരുന്ന് നോക്കുമ്പോള്‍ ഭരണഘടനവിരുദ്ധമായിരുന്ന നാര്‍കോ അനാലിസിസും പോളിഗ്രാഫും ബ്രയിന്‍ മാപ്പിംഗും ഇവിടെ നടന്നുപോരികയായിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ഒരു ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കവേ ഈ മൂന്ന് ടെസ്റ്റുകളും ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തിസ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും പരമോന്നത കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ് ഒട്ടേറെ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഈ വിധി പ്രഖ്യാപിച്ചത്. വിചാരണ നടക്കുന്ന അനവധി കേസുകളിലും ഒട്ടുമിക്ക തീവ്രവാദ കേസുകളിലും ഈ ഉത്തരവിന്‍റെ മാറ്റൊലികള്‍ കേട്ടേക്കും. നാര്‍കോ അനാലിസിസ് ഫലങ്ങള്‍ നമ്മുടെ കോടതികള്‍ ഒരിക്കലും തെളിവായി പരിഗണിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിചാരണ നടക്കുന്ന ഒരു കേസുകളിലും തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകില്ല. എന്നാല്‍, നാര്‍കോ അനാലിസിസ് നടത്തിയിട്ടുള്ള കേസുകളില്‍ അത് അന്വേഷണവേളയില്‍ വളരെ വലിയ വഴിത്തിരിവ് ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് സത്യം.

കേരളത്തില്‍ അഭയ കൊലക്കേസ്, ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്, രാഹുല്‍ തിരോധാനം എന്നീ കേസുകളിലാണ് നാര്‍കോ പരിശോധന നിര്‍ദ്ദേശിച്ചിരുന്നത്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സി ബി ഐയുടെ പക്കലുള്ള പ്രധാന തെളിവ് മൂന്നു പ്രതികളെയും നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നാര്‍കോ ഫലങ്ങള്‍ കേസിന്‍റെ മുന്നോട്ടുള്ള അന്വേഷണത്തിനുള്ള ചൂണ്ടുപലകകള്‍ മാത്രമായിരുന്നെന്ന് വാദിക്കുന്നവരും ഉണ്ട്. ദേശീയ തലത്തില്‍ നിഥാരി കൊലക്കേസ്, തെല്‍ഗിയുടെ വ്യാജ മുദ്രപ്പത്ര നിര്‍മാണം, ആരുഷി വധം, മുംബൈ ബോംബ്‌ സ്ഫോടനം, അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ് എന്നീ കേസുകളില്‍ നാര്‍കോ അനാലിസിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ പല കേസുകളും നാര്‍കോ അനാലിസിസ് നടത്തിക്കഴിഞ്ഞവയുമാണ്. എന്നാല്‍ ഈ പരിശോധനാ ഫലങ്ങളൊന്നും ഉപയോഗിക്കാന്‍ ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ല. കൂടാതെ, നിരവധി തീവ്രവാദ കേസുകളില്‍ നാര്‍കോ പരിശോധന നടത്താന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. പുതിയ ഉത്തരവ് വന്ന സാഹചര്യത്തില്‍ ഇനി അതും സാധ്യമാകില്ല.

കേരളത്തിലെ ആദ്യ നാര്‍കോ അനാലിസിസ്

ഫാ. ജോബ്‌ ചിറ്റിലപ്പിള്ളി വധക്കേസിലെ പ്രതി രഘുവിനെയാണ്‌ കേരള പൊലീസ്‌ ആദ്യം നാര്‍കോ പരിശോധനയ്ക്കു വിധേയനാക്കുന്നത്‌. ബാംഗ്ലൂര്‍ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ 2005 ഏപ്രില്‍ 16ന്‌ ആയിരുന്നു പരിശോധന. ക്രൈംബ്രാഞ്ച്‌ കൊച്ചിന്‍ സ്പെഷല്‍ യൂണിറ്റ്‌ എസ്‌ പിയായിരുന്ന കെ ജെ ദേവസ്യയ്ക്കായിരുന്നു ഈ കേസിന്റെ അന്വേഷണച്ചുമതല. രാഹുല്‍ തിരോധാനവുമായി ബന്ധപ്പെട്ട് റോജോ ജോസഫ് എന്നയാളെ നാര്‍കോ അനാലിസിസിന് വിധേയമാക്കിയിരുന്നെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു.

തുടര്‍ന്ന്, കഴിഞ്ഞവര്‍ഷം അഭയ കൊലക്കേസിലെ പ്രതികളെയും നാര്‍കോ അനാലിസിസിന് വിധേമാക്കി. കേസിലെ പ്രധാന പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ആയിരുന്നു കോടതി നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍, നാര്‍കോ അനാലിസിസിലെ പ്രതികളുടെ കുറ്റസമ്മതമൊഴി കോടതിയില്‍ തെളിവായി ഹാജരാക്കില്ലെന്ന് സി ബി ഐ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സി ബി ഐ പുതിയ തെളിവുകള്‍ കണ്ടെത്തേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ സുപ്രീംകോടതി വിധി തങ്ങളുടെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സി ബി ഐ വൃത്തങ്ങള്‍ പറയുന്നത്.

എന്താണ് നാര്‍കോ അനാലിസിസ്‌?

മിക്ക ആശുപത്രികളിലും അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ സോഡിയം പെന്‍റോത്താള്‍ ആണ് നാര്‍കോ അനാലിസിസ് നടത്തുന്നതിന് മുമ്പായി പ്രതിയെ അര്‍ധബോധാവസ്ഥയിലാക്കാന്‍ ഉപയോഗിക്കുന്നത്. ഇതു രണ്ടു ഗ്രാം (അനസ്തേഷ്യക്ക് ഉപയോഗിക്കുന്നതിന്‍റെ വളരെ ചെറിയ അളവു മാത്രമാണിത്‌) രണ്ടു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചശേഷം അതില്‍നിന്ന്‌ 800 മില്ലിലീറ്റര്‍ ശരീരത്തിലേക്കു കടത്തി വിടും. (വ്യക്‌തിയുടെ ആരോഗ്യം, പ്രായം എന്നിവയ്ക്കനുസരിച്ചു മരുന്നിന്‍റെ അളവില്‍ വ്യത്യാസം വരും). പരീക്ഷണത്തിനു വിധേയനാകുന്നയാള്‍ സാവധാനം ഉറക്കത്തോട്‌ അടുത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. ഈ‍ അവസ്ഥയില്‍ ബോധം മറയുകയില്ലെങ്കിലും വ്യക്തിക്ക് മനസ്സിന്‍റെ നിയന്ത്രണം നഷ്ടമാകും. ഈ സമയം എന്തു ചോദിച്ചാലും സംഭവിച്ചതു മാത്രമേ പറയാന്‍ കഴിയൂ എന്നാണ് നാര്‍കോ പരിശോധനാ വിദഗ്ധര്‍ പറയുന്നത്.

അടുത്ത പേജില്‍ - നാര്‍കോ ടെസ്റ്റില്‍ എന്തൊക്കെ ചോദിക്കാം?

പരിശോധനയുടെ പ്രയോജനം എന്താണ്‌?

വ്യക്തിയുടെ അനുവാദം തേടിയിരുന്നില്ലെങ്കിലും കോടതിയുടെ അനുവാദത്തോടെ മാത്രമേ ഇന്ത്യയില്‍ ആരെയും നാര്‍കോ പരിശോധനയ്ക്കു വിധേയനാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പരിശോധനാഫലം കോടതി തെളിവായി അംഗീകരിക്കാതിരുന്നിട്ടും കേസിന് നിര്‍ണായകമായ വഴിത്തിരിവ് നല്കാന്‍ ഇതിന്‍റെ ഫലങ്ങള്‍ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്‌ ഇന്ത്യന്‍ എവിഡന്‍സ്‌ ആക്ട്‌ അനുസരിച്ചു കോടതിയിലേക്ക് പ്രവേശന അനുമതിയില്ല. ചോദ്യംചെയ്യലിലെ മൂന്നാംമുറ പൂര്‍ണമായി ഒഴിവാക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ പരിശോധനയെ പിന്തുണച്ചവര്‍ കണ്ടെത്തിയിരുന്ന ന്യായം. ഇന്ത്യയിലെ നിയമപ്രകാരം നാര്‍കോ പരിശോധന തെളിവുകളിലേക്കുള്ള ഒരു ‘കീ’ മാത്രമാണ്‌. ഒരു ചോദ്യംചെയ്യല്‍ രീതി എന്നതിനപ്പുറം ഒരു രാജ്യവും ഇതിലെ വെളിപ്പെടുത്തലുകള്‍ക്കു നിയമസാധുത നല്‍കിയിട്ടില്ല. ചില രാഷ്ട്രങ്ങളില്‍ രണ്ടാംതരം തെളിവുകളുടെ പദവി നല്‍കിയിട്ടുണ്ട്‌.

എന്തൊക്കെ ചോദിക്കാം?

കേസിന്‍റെ സംക്ഷിപ്‌തരൂപവും പരിശോധനയ്ക്കു വിധേയനാകുന്ന ആളോടുള്ള ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കി ഫോറന്‍സിക്‌ ലാബിനു നല്‍കണം. കേസുമായി ബന്ധമില്ലാത്ത ഒരു കാര്യവും നാര്‍കോ പരിശോധനയില്‍ ചോദിക്കാന്‍ കഴിയില്ല. വ്യക്‌തിപരമായ രഹസ്യങ്ങള്‍ ചോദിക്കുന്നതിനു കര്‍ശനമായ വിലക്കുണ്ട്‌. നാര്‍കോ അനാലിസിസിനു വിധേയരാകുന്നവര്‍ക്കു മാനസിക, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ, ഈ‍ പരിശോധന സര്‍വസാധാരണമായാല്‍ സത്യം തെളിയിക്കാനായുള്ള മൂന്നാംമുറ അപ്പാടെ ഒഴിവാക്കപ്പെടുകയും മനുഷ്യാവകാശം കൂടുതലായി സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു നാര്‍കോയെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍, ‘നാര്‍കോ’ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പല കേസുകളിലും തുമ്പ് കണ്ടെത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ശാസ്ത്രീയപരീക്ഷണത്തിനാണ് വിലങ്ങ് വീണിരിക്കുന്നത്.

ലോകത്തെ ആദ്യ നാര്‍കോ അനാലിസിസ്

ലോകമറിഞ്ഞ ആദ്യ നാര്‍കോ അനാലിസിസ്‌ നടന്നത്‌ 1922ല്‍ യു എസിലാണ്‌. സ്കോപൊലാമൈന്‍ എന്ന രാസവസ്‌തുവാണ്‌ ആദ്യപരീക്ഷണത്തില്‍ ഉപയോഗിച്ചത്‌. യുഎസിലെ ടെക്സസിലെ രണ്ടു തടവുകാരിലായിരുന്നു ആദ്യപരീക്ഷണം. ഇതിനു മുന്നിട്ടിറങ്ങിയ റോബര്‍ട്ട്‌ ഹൗസ്‌ ഒരു ഡോക്ടറായിരുന്നു. ഈ പരിശോധനയ്ക്ക് നാര്‍കോ അനാലിസിസ്‌ എന്ന പേര്‌ നല്കിയത് ഹോഴ്സ്‌ലി എന്നയാളാണ്. തുടക്കം മുതല്‍ തന്നെ വിമര്‍ശനകൂരമ്പുകള്‍ ഏറ്റുവാങ്ങാനായിരുന്നു ഈ‍ പരീക്ഷണത്തിന്‍റെ വിധി. സത്യം പുറത്തുകൊണ്ടുവരാന്‍ ഈ പരീക്ഷണത്തിനു കഴിയില്ലെന്നായിരുന്നു ആദ്യ വിമര്‍ശനം. വ്യക്‌തികളെ മയക്കി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിലെ ധാര്‍മികതയാണു പിന്നീടു ചോദ്യം ചെയ്യപ്പെട്ടത്‌. ഈ വിമര്‍ശനങ്ങള്‍ക്ക് അനുകൂലമെന്നോണമാണ് ഇന്ത്യയില്‍ ഈ പരിശോധന ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.

എന്നാല്‍ പല വിദേശരാജ്യങ്ങളിലും കഠിന എതിര്‍പ്പുകള്‍ക്കിടയിലും ഇപ്പോഴും നാര്‍കോ അനാലിസിസ് ഉണ്ട്. മനഃശാസ്‌ത്ര വിദഗ്ധരില്‍ നല്ലൊരുപങ്കും ഈ‍ പരിശോധന അധാര്‍മികമാണെന്നു ചൂണ്ടിക്കാട്ടുന്നു. മനസ്സിനെ ബലാത്സംഗം ചെയ്യല്‍ അഥവാ റേപ്പ്‌ ഓഫ് ദ്‌ മൈന്‍ഡ്‌ എന്നാണ് ഡോ. ജൂസ്റ്റ്‌ മെര്‍ളൂ ഇതിനെ വിശേഷിപ്പിക്കുന്നത്. യു എസ്‌ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ചോദ്യംചെയ്യലിനു നാര്‍കോ അനാലിസിസ്‌ ഉപയോഗിക്കുന്നുണ്ട്‌. സോഡിയം പെന്‍റോത്താളിനു പുറമേ, സോഡിയം അമൈത്താള്‍, സ്കോപൊലാമൈന്‍, ബെന്‍സോഡിയസെപ്പൈന്‍ എന്നീ രാസവസ്‌തുക്കളും നാര്‍കോ പരിശോധനയ്ക്ക്‌ ഉപയോഗിക്കുന്നുണ്ട്. റ്റെമാസെപാം എന്ന രാസവസ്‌തുവാണു റഷ്യയില്‍ ഉപയോഗിക്കുന്നത്‌. 1989ല്‍ യു എസിലെ ന്യൂജഴ്സിയില്‍ സുപ്രിംകോടതി സോഡിയം അമൈത്താള്‍ ഉപയോഗിച്ചുള്ള നാര്‍കോ പരിശോധന നിരോധിച്ചു.

ഏതു തീവ്രമായ ചോദ്യം ചെയ്യലിനെയും അതിജീവിക്കാന്‍ പരിശീലനം നേടിയ ഭീകരരെ കൈകാര്യം ചെയ്യാനായതോടെയാണ്‌ ഈ‍ പരിശോധന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പ്രിയങ്കരമായത്‌. അതുകൊണ്ട് തന്നെ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ മിക്ക കേസിലും നാര്‍കോ പരിശോധനയെ ആശ്രയിച്ചിരുന്നു. എന്നാല്‍, പുതിയ നിയമം വരുന്നതോടെ പ്രതിയുടെ സമ്മതമില്ലാതെ നാര്‍കോ പരിശോധന നടത്താന്‍ സി ബി ഐക്ക് അവകാശം ഇല്ലാതാകും. പല കേസുകളിലും പിന്നീട് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സി ബി ഐക്ക് സഹായകമായിരുന്നത് നാര്‍കോ അനാലിസിസ് ആയിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ സി ബി ഐക്ക് നഷ്ടമായിരിക്കുന്നതും ഈ ചൂണ്ടുപലകയാണ്.

വെബ്ദുനിയ വായിക്കുക