ജയലളിതയ്ക്ക് ഷഷ്ഠിപൂര്‍ത്തി

WDWD
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സ്ത്രീ നേതാക്കളില്‍ ഒരാളാണ് ജെ.ജയലളിത. കുംഭത്തിലെ മകം നാളില്‍ പിറന്ന ജയലളിതയ്ക്ക് ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് 2008 ഫെബ്രുവരി 24 ന് 60 വയസ്സ് തികയുന്നു. പക്കനാള്‍ പ്രകാരം ചോറ്റാനിക്കര മകം നാളിലായിരുന്നു ജയയുടെ ഷഷ്ഠിപൂര്‍ത്തി.

അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ജനറല്‍ സെക്രട്ടറിയായ ജയലളിത ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ നേതാവാണ്, നയതന്ത്രജ്ഞയാണ്. ചില അഴിമതി ദുഷ്പേരുകള്‍ ഉള്ളതൊഴിച്ചാല്‍ ഭരിക്കാനും ചങ്കൂറ്റത്തോടെ എതിരാളികളെ നേരിടാനും അവര്‍ക്ക് നന്നായി അറിയാം.

കാഞ്ചിമഠത്തിലെ ശങ്കരരാമന്‍ വധത്തോട് അനുബന്ധിച്ച് മഠാധിപതിയും ഇന്ത്യയിലെ ആത്മീയ ആചാര്യന്‍‌മാരില്‍ ഒരാളുമായ ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തത് ജയയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഈ സംഭവം ഒട്ടേറെ വാദകോലാഹലങ്ങള്‍ക്കും ഇടവച്ചിരുന്നു.

ഒരുഘട്ടത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ജയയെ ചുറ്റിപ്പറ്റിയായിരുന്നു നടന്നിരുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും ഉത്തര്‍പ്രദേശിലും മറ്റും പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ കക്ഷികള്‍ക്ക് മേല്‍ മേല്‍ക്കോയ്മ നേടിയതോടെ തമിഴകത്തെ രാഷ്ട്രീയത്തില്‍ നിന്നും ജയലളിത ദേശീയ രാഷ്ട്രീയത്തിലെ ദീപസ്തംഭമായി മാറുകയായിരുന്നു.
WDWD


കോമളവല്ലി എന്നായിരുന്നു ജയലളിതയുടെ പേര്. 1948 ഫെബ്രുവരി 24 ന് മൈസൂരിലായിരുന്നു ജനനം. അച്ഛന്‍ തമിഴനായ ജയറാം, അമ്മ കന്നഡിഗ അയ്യങ്കാര്‍ കുടുംബത്തിലെ നടിയായ സന്ധ്യ. ഈ കുടുംബം പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്കൂളിലും മദ്രാസിലെ ചര്‍ച്ച് പാര്‍ക്ക് പ്രസന്‍റേഷന്‍ കോണ്‍‌വെന്‍റിലുമായിരുന്നു ജയലളിതയുടെ വിദ്യാഭ്യാസം.


WDWD
1964 ല്‍ മെട്രിക്കുലേഷന്‍ പാസായപ്പോള്‍ ഉന്നത പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നെങ്കിലും പഠിത്തം വേണ്ടെന്നു വച്ച് സിനിമയില്‍ അഭിനയിക്കുകയായിരുന്നു. നാലു വയസ് മുതല്‍ ഭരതനാട്യവും കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിരുന്നു.

പഠിക്കുമ്പോള്‍ റോസ് ഹൌസിന്‍റെ ക്യാപ്‌റ്റനായിരുന്ന ജയ സ്കൂളിലെ പ്രസംഗ മത്സരങ്ങളിലും ശ്രദ്ധേയയായിരുന്നു. അമ്മ, പുരട്ചിത്തലൈവി എന്നിവയാണ് അവരുടെ വിളിപ്പേരുകള്‍. മുമ്പ് രണ്ട് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയ ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാണ്.

തമിഴകത്തെ ഏറ്റവും പ്രശസ്തയായ സിനിമാതാരമായിരുന്നു ജയലളിത. ആദ്യം അഭിനയിച്ചത് കന്നഡത്തിലായിരുന്നു - ചിന്നഡ ഗോംബെ. അത് വന്‍ ഹിറ്റായി. തെലുങ്കില്‍ മാനുഷലു മന്‍‌മഥലു എന്ന ചിത്രത്തിലായിരുന്നു ജയയുടെ അരങ്ങേറ്റം. 1972 ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി പുരസ്കാരത്തിന് ജയ അര്‍ഹയായി.

1981 ല്‍ എം.ജി.ആറിന്‍റെ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി ചേര്‍ന്ന ജയയെ 1984 ല്‍ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ലമെന്‍റിലായിരുന്നു ജയയുടെ രാഷ്ട്രീയ അരങ്ങേറ്റം. എം.ജി.ആര്‍ മരിച്ചപ്പോള്‍ ഭാര്യ ജാനകിയും കുറെ പാര്‍ട്ടി അനുയായികളും ജയയെ നിര്‍ദ്ദാക്ഷണ്യം ആട്ടിപ്പുറത്താക്കി എങ്കിലും 1989 ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്ഥില്‍ നിന്ന് വിജയിച്ച് അവര്‍ നിയമസഭയിലെത്തി.
WDWD


അക്കുറി തെരഞ്ഞെടുപ്പിലൂടെ പ്രതിപക്ഷ നേതാവാവുന്ന അദ്യത്തെ വനിതയായി അവര്‍ മാറി. അന്ന് സഭയില്‍ ശാരീരികമായി പോലും തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഡി.എം.കെ അംഗങ്ങള്‍ക്ക് മുമ്പില്‍ ഒരു ദ്രൌപതീ ശപഥം അവര്‍ നടത്തി. ഇനി മുഖ്യമന്ത്രിയായി മാത്രമേ സഭയിലേക്ക് വരു... എന്ന്.


1991 ല്‍ രാജീവ് വധത്തിന്‍റെ സഹതാപ തരംഗം അലയടിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ ജയലളിത ശപഥം നിറവേറ്റുക തന്നെ ചെയ്തു. എ.ഐ.എ.ഡി.എം.കെ അധികാരത്തിലേറി ജയലളിത സംസ്ഥാനത്തെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വനിതാ മുഖ്യമന്ത്രിയായി. അക്കുറി ബര്‍ഗൂര്‍, കാങ്കേയം എന്നീ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ജയലളിത രണ്ടിടത്തു നിന്നും വിജയിച്ചു. കാങ്കേയം സീറ്റ് വിട്ടുകൊടുത്തു.

1996 ല്‍ പക്ഷെ ജയലളിതയുടെ കക്ഷി പരാജയപ്പെട്ടു. ഡി.എം.കെ അധികാരത്തിലേറി. ജയലളിത അടക്കം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന എല്ലാവരും തോല്‍ക്കുകയും ചെയ്തു. വീണ്ടും 2001 ല്‍ ജയലളിത അത്ഭുതകരമായി തിരിച്ചുവരവ് നടത്തി. ആണ്ടിപ്പെട്ടിയില്‍ നിന്നായിരുന്നു അവര്‍ അക്കറി ജയിച്ചത്. 2006 ല്‍ വീണ്ടും തോറ്റു. ഭരണകാലത്ത് ഉണ്ടായ അഴിമതി ആരോപണങ്ങള്‍ ജയയെ സാരമായി ബാധിച്ചു.

സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളായിരുന്നു അവര്‍ക്ക്. താന്‍സി ഭൂമി ഇടപാടില്‍ ഹൈക്കോടതി ജയയെ തടവ് ശിക്ഷയ്ക്ക് വിധിച്ചെങ്കിലും സുപ്രീം കോടതി നിരപരാധി എന്ന് കണ്ടെത്തി വിട്ടയച്ചു. രാഷ്ട്രീയ നിയമ നാടകങ്ങള്‍ ജയലളിതയുടെ ജീവിതത്തില്‍ അവിസ്മരണീയങ്ങളായ പല സംഭവങ്ങളും ഉണ്ടാക്കി.

തടവ് ശിക്ഷയ്ക്ക് വിധിച്ച ആള്‍ക്ക് മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയില്ലെന്ന വിധിയുടെ അടിസ്ഥാനത്തില്‍ ജയലളിതയ്ക്ക് ആ സ്ഥാനത്തു നിന്ന് കുറച്ചുകാലം മാറിനില്‍ക്കേണ്ടി വന്നു. സ്വന്തം വിശ്വസ്ഥനായ പന്നീര്‍ ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. 2003 ല്‍ സുപ്രീം കോടതി കേസ് തള്ളിയതിനെ തുടര്‍ന്ന് ജയലളിത വീണ്ടും അധികാര സ്ഥാനത്തേക്ക് തിരിച്ചുവരികയായിരുന്നു.

1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനെ മറിച്ചിടുന്നതില്‍ ജയലളിത കളിച്ച കളി അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായി. മത്സരിച്ച എല്ലാ സീറ്റുകളും നഷ്ടപ്പെടുക എന്ന ദുര്‍വിധിയായിരുന്നു ഫലം.

1991 ല്‍ മദ്രാസ് സര്‍വകലാശാല അവരെ ഡോക്‍ടറേറ്റ് (ഡി-ലിറ്റ്) നല്‍കി ആദരിച്ചു. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഡോക്‍ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കി. 1993 ല്‍ മധുരൈ കാമരാജ് സര്‍വ്വകലാശാലയും ഡി-ലിറ്റ് ബിരുദം നല്‍കി. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയും ഭാരതീദാസന്‍ സര്‍വകലാശാലയും ഇതേമട്ടില്‍ ജയലളിതയ്ക്ക് ബിരുദങ്ങള്‍ സമ്മാനിച്ചിരുന്നു.

സിനിമയില്‍ എം.ജി.ആറിന്‍റെ നായികയായി തിളങ്ങിയ ജയലളിത ജീവിതത്തില്‍ അദ്ദേഹത്തിന്‍റെ അറിയപ്പെടാത്ത ജീവിത പങ്കാളിയായിരുന്നു. വിവാഹിതനായ എം.ജി.ആറുമായി അവിവാഹിതയായ ജയയ്ക്കുണ്ടായിരുന്ന ബന്ധമാണ് അവരെ രാഷ്ട്രീയ രംഗത്ത് ഉന്നത സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സഹായിച്ചത്. ഒരു വളര്‍ത്തു മകനുണ്ടായിരുന്നു.

സംഖ്യാശാസ്ത്രത്തിലും ജ്യോതിഷത്തിലും ജയലളിതയ്ക്ക് അന്ധമായ വിശ്വാസമാണുള്ളത്. എന്തും ജ്യോതിഷരുടെ അഭിപ്രായം അനുസരിച്ചേ ചെയ്യു. ഈയിടെ പേരിന്‍റെ അവസാനം ഒരു ‘എ’ കൂടി ചേര്‍ത്ത് ജയലളിതാ എന്നാക്കിയത് ഈ വിശ്വാസം കൊണ്ടായിരുന്നു.