ജനതാദള്‍ പിളര്‍പ്പിലേക്ക്

ചൊവ്വ, 24 മാര്‍ച്ച് 2009 (15:56 IST)
PROPRO
സംസ്ഥാനത്ത് ജനതാദള്‍ സെക്കുലര്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നു. എല്‍ ഡി എഫ് വിടണമെന്ന് അഭിപ്രായമുള്ളവരും എല്‍ ഡി എഫില്‍ തുടരണമെന്ന് അഭിപ്രായമുള്ളവരും രണ്ടു ചേരിയായി തിരിഞ്ഞതോടെ പാര്‍ട്ടി പിളര്‍പ്പിന്‍റെ വക്കിലെത്തി. നിലവില്‍ എല്‍ ഡി എഫില്‍ നിന്ന് പുറത്തായ രീതിയിലാണ് ജനതാദള്‍ സെക്കുലറിന്‍റെ നേതൃത്വം കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. എന്നാല്‍ രണ്ട് എം എല്‍മാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എല്‍ ഡി എഫ് വിട്ടുവരുന്നതിനെ എതിര്‍ക്കുന്നു.

ജനതാദള്‍ ദേശീയ സെക്രട്ടറിയായ വര്‍ഗീസ്‌ ജോര്‍ജ്‌ എല്‍ ഡി എഫിന്‍റെ പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ പദവി ഇന്ന് രാജിവയ്ക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പൊട്ടിത്തെറികളാണ് എല്‍ ഡി എഫിനൊപ്പം നിന്നപ്പോഴുള്ള പദവികള്‍ എല്ലാം ഉപേക്ഷിക്കാന്‍ ജനതാദളിനെ പ്രേരിപ്പിക്കുന്നത്. ജനതാദള്‍ മന്ത്രിയായ മാത്യു ടി തോമസ് നേരത്തേ രാജിവച്ചിരുന്നു.

എന്നാല്‍, മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എല്‍ ഡി എഫ് വിടാനൊന്നും മാത്യു ടി തോമസ് തീരുമാനിച്ചിട്ടില്ല. മുപ്പത്തിമൂന്ന്‌ വര്‍ഷമായി കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചുവരികയാണെന്നും ആ നയം തിരുത്തുന്നത് ശരിയല്ലെന്നുമാണ് മാത്യു ടിയുടെ നിലപാട്‌. ഈ രാഷ്‌ട്രീയ ജീവിതത്തില്‍ യു ഡി എഫിലേക്കില്ലെന്നു പറയുന്ന മാത്യു ടി തോമസ് പാര്‍ട്ടി പറഞ്ഞാലും ഈ തീരുമാനം മാറ്റില്ലെന്ന നിലപാടിലാണ്.

ജോസ് തെറ്റയില്‍ എം എല്‍ എയ്ക്കും ഇതേ അഭിപ്രായമാണ്. എല്‍ ഡി എഫ് വിട്ട് ഒരു കളിക്കും അദ്ദേഹം തയ്യാറല്ല. എല്‍ ഡി എഫില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് സംസ്ഥാനകമ്മിറ്റിയംഗമായ മാത്യു ജോണിന്‍റെയും തീരുമാനം. എന്നാല്‍ മാത്യു ജോണ്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ല എന്നാണ് നേതൃത്വം പറയുന്നത്. കഴിഞ്ഞ നേതൃയോഗത്തില്‍ നിന്ന് മാത്യു ജോണിനെ ഇറക്കിവിട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

PROPRO
എല്‍ ഡി എഫ് വിട്ട് യു ഡി എഫ് ക്യാമ്പില്‍ ചേക്കേറുന്നതിനെക്കുറിച്ച് എം പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ എം എല്‍ എമാര്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് നേതൃത്വം. ഇതു സംബന്ധിച്ച സമവായത്തിന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍ കുട്ടി ശ്രമിച്ചു വരികയാണ്. കൃഷ്ണന്‍‌കുട്ടി ഇന്ന് ജോസ് തെറ്റയിലുമായി കൂടിക്കാഴ്ച നടത്തി., എന്നാല്‍ യു ഡി എഫിലേക്ക് താനില്ല എന്ന നിലപാട്‌ തെറ്റയില്‍ ആവര്‍ത്തിച്ചു എന്നാണ് സൂചന.

ഇടതുമുന്നണിയില്‍ നിന്ന് പുറത്തുകടക്കുന്നതായി പരോക്ഷ സൂചന നല്‍കിയായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ജനതാദള്‍ സംസ്ഥാന കൌണ്‍സില്‍ യോഗം അവസാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്കെതിരെ വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യോഗം പാസാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും യുഡി‌എഫിനെ സഹായിക്കുന്ന സമീപനമാണ് ജനതാദള്‍ സ്വീകരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരുന്നു. മുന്നണിയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് തങ്ങളെ ഇടതുമുന്നണിയില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയില്ലേ എന്നാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ വീരന്‍റെ ഈ പ്രതികരണം വികാരപരമായ ഒന്നാണെന്നാണ് മാത്യു ടി തോമസ് പറയുന്നത്. എന്തായാലും അഭിപ്രായവ്യത്യാസവും പൊട്ടിത്തെറികളുമായി ദള്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.