ക്ഷേത്രനിധി; വിഎസിന്റെ പകയ്ക്ക് പഴക്കം!

ബുധന്‍, 24 ഓഗസ്റ്റ് 2011 (06:48 IST)
PRO
PRO
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസം കൊണ്ടുപോകുന്ന പാത്രത്തില്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അറകളിലെ സ്വര്‍ണം നിത്യേനെയെന്നോണം അടിച്ചുമാറ്റിയിരുന്നു ആരോപിച്ച് വി എസ് നടത്തിയ പ്രസ്താവന പുതിയ മാനങ്ങളിലേക്ക്. തിരുവതാംകൂര്‍ രാജവംശത്തിനോട് പണ്ടുതൊട്ടേ വി എസിന് പകയുണ്ടായിരുന്നു എന്നാണ് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പങ്കാളിത്തത്തോടെ 1956-ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനമായ ആസ്‌പിന്‍വാള്‍ കയര്‍ ഫാക്‌ടറിയിലെ തിക്താനുഭവങ്ങള്‍ ആണെത്രെ വി എസിനെ രാജകുടുംബത്തിന് എതിരെ തിരിച്ചത്.

വി എസിന് തന്റെ പഴയ തൊഴിലിടമായ ആസ്‌പിന്‍വാള്‍ കയര്‍ കമ്പനി മാനേജ്‌മെന്റില്‍നിന്നു കടുത്ത പരിഹാസവും മാനസിക പീഡനവും നേരിടേണ്ടി വന്നിരുന്നു എന്നാണ് പത്രം പറയുന്നത്. തുടര്‍ന്ന് വി എസ് ട്രേഡ് യൂണിയന്‍ രംഗത്തേക്ക് രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു. ഫ്യൂഡലിസത്തിനെതിരേ കടുത്ത പക മനസില്‍ സൂക്ഷിച്ച അച്യുതാനന്ദന്റെ രോഷം തിരിച്ചറിഞ്ഞാണ്‌ അന്നു സഖാവ് പി കൃഷ്‌ണപിള്ള കമ്പനിയിലെ ട്രേഡ്‌ യൂണിയന്‍ ചുമതലയിലേക്ക്‌ അച്യുതാനന്ദനെ കൊണ്ടുവരുന്നതെത്രേ

രാഷ്‌ട്രീയജീവിതത്തില്‍ ഒരുഘട്ടത്തിലും തിരുവിതാംകൂര്‍ രാജകുടുംബത്തിനു നേര്‍ക്കു തിരിയാന്‍ അവസരം കിട്ടാതിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ കിട്ടിയ അവസരം ഉപയോഗിക്കുകയായിരുന്നു എന്ന് പത്രം ആരോപിക്കുന്നു. ആരോപണം വില കുറഞ്ഞതായിപ്പോയെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍നിന്നു പിന്തുണയുണ്ടാകുമെന്ന്‌ അച്യുതാനന്ദന്‌ ഉറപ്പുണ്ടായിരുന്നുവെത്രെ. രാജവാഴ്‌ചക്കെതിരായ കമ്മ്യുണിസ്‌റ്റ് താത്വിക നിലപാടിന്റെ ഭാഗമായെങ്കിലും തനിക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും അദ്ദേഹത്തിനു വ്യക്‌തമായിരുന്നു എന്നും പത്രം പറയുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണം അടിച്ചുമാറ്റിയെന്ന് നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ വി എസ് തയ്യാറല്ല. സത്യം എന്തായാലും കേസിപ്പോള്‍ സുപ്രീംകോടതിയുടെ പടി കയറാന്‍ പോവുകയാണ്. വി എസ് തന്നെയാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കെതിരെ പരമോന്നത നീതി പീഠത്തില്‍ കേസ് ഫയല്‍ ചെയ്യുന്നത്. വരും നാളുകളില്‍ പത്മനാഭന്റെ നിധിയെ പറ്റിയുള്ള ചര്‍ച്ചകള്‍ ആളിക്കത്തുമെന്ന് തന്നെ കരുതാം.

വെബ്ദുനിയ വായിക്കുക