കെ മുരളീധരനോ വി ഡി സതീശനോ? കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലികള്‍ സജീവം

ജോണ്‍ കെ ഏലിയാസ്

വെള്ളി, 10 മാര്‍ച്ച് 2017 (13:47 IST)
ആരായിരിക്കും കെ പി സി സിയുടെ അടുത്ത അധ്യക്ഷന്‍? വി എം സുധീരന്‍റെ അപ്രതീക്ഷിത രാജിയുടെ ഞെട്ടലില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തുകടന്ന് കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ ചര്‍ച്ചകള്‍ സജീവമാക്കി. നിലവിലത്തെ സാഹചര്യത്തില്‍ കെ മുരളീധരനോ വി ഡി സതീശനോ കെ പി സി സി അധ്യക്ഷനാകാനാണ് സാധ്യത.
 
മുരളീധരന് എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും ഇപ്പോള്‍ വേരുകളുണ്ട്. മാത്രമല്ല, മുമ്പ് പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിച്ച പാരമ്പര്യവുമുണ്ട്. എന്നാല്‍ ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതും മറ്റും അധ്യക്ഷസ്ഥാനത്തേക്ക് മുരളീധരനുള്ള വിലങ്ങുതടിയാണ്.
 
വി ഡി സതീശന്‍ ഐ ഗ്രൂപ്പില്‍ നിന്നാണ്. രാഹുല്‍ഗാന്ധിക്ക് പ്രിയപ്പെട്ട നേതാവാണ്. ഒരു തലമുറമാറ്റത്തിന് വി ഡി സതീശനെ അധ്യക്ഷനാക്കുന്നതിലൂടെ കഴിയും. എന്നിരുന്നാലും എ ഗ്രൂപ്പ് ഇടങ്കോലിടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
 
എന്നാല്‍ കെ പി സി സി അധ്യക്ഷപദവിയില്‍ ഉമ്മന്‍‌ചാണ്ടി കണ്ണുവച്ചാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് അധികം സാധ്യതയുണ്ടാവില്ല എന്നാണ് സൂചന. എ ഗ്രൂപ്പിലെ പ്രമുഖര്‍ ഉമ്മന്‍‌ചാണ്ടി അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
 
കെ സുധാകരനെപ്പോലുള്ള ചില നേതാക്കളും അധ്യക്ഷനാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

വെബ്ദുനിയ വായിക്കുക