കെ‌എസ് മനോജിന് കാരാട്ടിന്‍റെ മറുപടി

വ്യാഴം, 14 ജനുവരി 2010 (15:34 IST)
PRO
മതവിശ്വാസികളോടുള്ള സിപി‌എം നിലപാടിനെ ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ട മുന്‍ ‌എം‌പി ഡോ. കെ‌എസ് മനോജിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ശക്തമായ മറുപടി. സിപി‌എം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കാരാട്ട് മനോജിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത്. മനോജിന്‍റെ രാജിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും പാര്‍ട്ടി ഗൌരവത്തിലെടുക്കുന്നു എന്നു തന്നെയാണ് കാരാട്ടിന്‍റെ നേരിട്ടുള്ള മറുപടിയിലൂടെ സിപി‌എം നല്‍കുന്ന സൂചന. നേരത്തെ മനോജിന് സംസ്ഥാന നേതൃത്വം മറുപടി നല്‍കുമെന്നായിരുന്നു ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നത്. ഇതിനിടയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

മതവിശ്വാസികള്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെ സിപി‌എം തടയുന്നില്ലെന്നും അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ തന്നെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്‍റെ കാര്യങ്ങളില്‍ മതം നുഴഞ്ഞുകയറുന്നത് തടയുകയുമാണ് വേണ്ടതെന്നും കാരാട്ട് പറയുന്നു. പാര്‍ട്ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പാര്‍ട്ടി ഘടകത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പാര്‍ട്ടി അംഗമാകുന്നതിനുള്ള നിബന്ധന. പാര്‍ട്ടിയുടെ തത്വങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സ്വന്തം തീരുമാനപ്രകാരം ചേരാവുന്ന സംഘടനയാണ് സിപി‌എം എന്നും കാരാട്ട് വിശദീകരിക്കുന്നു.

ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യത്തില്‍ സിപി‌എം എതിര്‍ക്കുന്നത് മതത്തെയല്ല. മതപരമായ സ്വത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെ ആണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന പാര്‍ട്ടിയാണ് സിപി‌എം. പാവപ്പെട്ടവരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിനായി വിശ്വാസികളുമായും മതനേതാക്കളുമായും കൈകോര്‍ക്കാന്‍ സിപി‌എമ്മിന് മടിയില്ലെന്നും കേരളത്തില്‍ ഇത്തരം സഹകരണത്തിന്‍റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും കാരാട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍ക്സിസ്റ്റ്-ക്രൈസ്തവ സഹകരണത്തെക്കുറിച്ച് ഇ‌എം‌എസ് എഴുതിയിട്ടുള്ളതും ഇ‌എം‌എസിന്‍റെ സംവാദങ്ങളും കാരാട്ട് ലേഖനത്തില്‍ ഉദാഹരണമായി നിരത്തുന്നുമുണ്ട്.

കേന്ദ്ര കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ മതപരമായ പ്രവര്‍ത്തനങ്ങളുടെ രണ്ടുവശം പരാമര്‍ശിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് നിരക്കാത്ത, സാമൂഹികവും ജാതീയവും മതപരവുമായ ആചാരങ്ങള്‍ വെടിയുന്നതിനായി പാര്‍ട്ടി അംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് ഒന്ന്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത അയിത്തമോ വിധവാവിവാഹം തടയല്‍ പോലുള്ള വിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരായ നിലപാട് സ്വീകരിക്കാനാണ് ഇവിടെ ആവശ്യപ്പെടുന്നത്. അല്ലാതെ മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. കാ‍രാട്ട് വ്യക്തമാക്കുന്നു.

പ്രമുഖരായ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളുടെ വിവാഹം ആര്‍ഭാടത്തോടെ നടത്തരുതെന്നും സ്ത്രീധന സമ്പ്രദായം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് രണ്ടാ‍മത്തെ വശം. സംസ്ഥാന, ജില്ലാ കമ്മറ്റി അംഗങ്ങള്‍, സോണല്‍-ഏരിയാ കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി-സാമൂഹ്യ ജീവിതത്തില്‍ പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന പ്രതീക്ഷയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഇവര്‍ നേരിട്ട് മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി അവ നടത്തുകയോ ചെയ്യരുത്. എന്നാല്‍ മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടുന്ന സാമൂഹ്യപരിപാടികളില്‍ ഇവര്‍ക്ക് പങ്കെടുക്കാം. കാരാട്ട് വിശദമാക്കുന്നു.

തെറ്റുതിരുത്തല്‍ രേഖയിലെ മതാ‍ചാരങ്ങള്‍ പരാമര്‍ശിക്കുന്ന മാര്‍ഗനിര്‍ദ്ദേശം പ്രമുഖ നേതാക്കളുടെ കാര്യത്തില്‍ ഭരണഘടനാവിരുദ്ധമാണെന്ന കെ‌എസ് മനോജിന്‍റെ ആരോപണം തെറ്റാണെന്നും കാരാട്ട് ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. ഓരോ പൌരനും തന്‍റെ മത വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന മതനിരപേക്ഷരാജ്യമാണ് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. മതമില്ലാതെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു.

മാര്‍ക്സിസ്റ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. പക്ഷെ മതത്തിന്‍റെ ഉത്ഭവവും സമൂഹത്തില്‍ അതുവഹിക്കുന്ന പങ്കും മാര്‍ക്സിസ്റ്റുകാര്‍ മനസിലാക്കുന്നുണ്ടെന്നും കാരാട്ട് വ്യക്തമാക്കുന്നു. കെ‌എസ് മനോജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സിപി‌എം മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് യു‌ഡി‌എഫ് ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക