കുണ്ടുകുളം പിതാവിന്‍റേത് ദുരൂഹമരണമോ?!

ബുധന്‍, 24 ഫെബ്രുവരി 2010 (15:51 IST)
PRO
PRO
തൃശൂര്‍ അതിരൂപതയിലെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ഡോക്‌ടര്‍ ജോസഫ് കുണ്ടുകുളത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പണത്തിനും സ്വര്‍ണത്തിനും വേണ്ടി പിതാവിനെ വകവരുത്തിയതാകാം എന്ന് സൂചിപ്പിച്ചും ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥ പുറത്തുവരുന്നു. അടുത്തുതന്നെ വിപണിയിലെത്തുന്ന നമ്പാടന്‍റെ ആത്മകഥയായ 'സഞ്ചരിക്കുന്ന വിശ്വാസി'യിലാണ് കുണ്ടുകുളം പിതാവിനെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരമുള്ളത്.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ വച്ച് 1998 ഏപ്രില്‍ 26-നാണ് കുണ്ടുകുളം പിതാവ് അന്തരിക്കുന്നത്. കേരളത്തില്‍ നിന്ന് ദുബായില്‍ എത്തി അവിടെ നിന്ന് സ്വര്‍ണവും പണവും സമാഹരിച്ച് കെനിയയിലേക്ക് പോയ കുണ്ടുകുളം പിതാവിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായ ഫാദര്‍ വര്‍ഗീസ് പാലത്തിങ്കലും ഉണ്ടായിരുന്നുവെന്ന് നമ്പാടന്‍ പറയുന്നു. കെനിയ വാമ്പയിലെ നിര്‍മലദാസി മഠത്തില്‍ വച്ചായിരുന്നു അന്ത്യം.

ദുബൈയില്‍നിന്ന് ധാരാളം സ്വര്‍ണവും പണവും പിതാവിന് സംഭാവനയായി ലഭിച്ചിരുന്നു. കസ്റ്റംസുകാരില്‍നിന്ന് രക്ഷപ്പെടാന്‍ സ്വര്‍ണം ഉരുക്കി കുരിശും മാലയുമുണ്ടാക്കിയാണ് പിതാവ് ദുബായ് വിട്ടത്. എന്നാല്‍, മരണശേഷം ലക്ഷക്കണക്കിന് രൂപ കാണാനില്ല, സ്വര്‍ണവും എവിടെയെന്നറിയില്ല. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവുമായാണ് മൃതദേഹം കെനിയയിലെ നെയ്റോബിയില്‍നിന്ന് നാട്ടിലേക്കയച്ചത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ ഒന്നും ബാക്കിയില്ല!

കെനിയന്‍ സഭാധികാരികളെ അറിയിക്കാതെ രഹസ്യമായായിരുന്നു പിതാവിന്‍റെ കെനിയാ യാത്ര. കുണ്ടുകുളത്തിന് കന്യാസ്ത്രീ മഠത്തില്‍ വച്ച് ഹൃദ്രോഗം ഉണ്ടായെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ച് ഹൃദയത്തിന് കുത്തിവെപ്പ് നടത്തിയെന്നും രക്ഷപ്പെടുത്താനായില്ലെന്നുമാണ് മരണം സംബന്ധിച്ച് പ്രചരിക്കുന്ന കഥ. എന്നാല്‍, ഹൃദ്രോഗ ചികില്‍സാ സൌകര്യമുള്ള ആശുപത്രികള്‍ വാമ്പിയിലോ സമീപ പ്രദേശങ്ങളിലോ ഇല്ല. അതുകൊണ്ടുതന്നെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം മറ്റെന്തെങ്കിലും ആകും.

തങ്ങളെ അറിയിക്കാതെ, കുണ്ടുകുളം രഹസ്യസന്ദര്‍ശനം നടത്തിയതിനാല്‍ കെനിയന്‍ സഭാധികാരികള്‍ മൃതദേഹം തിരിഞ്ഞുനോക്കിയില്ല. കെനിയന്‍ കര്‍ദിനാളിന്‍റെ ആസ്ഥാനം നെയ്റോബിയിലായിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. അവസാനം തന്‍റെ മരുമകന്‍റെ നെയ്റോബിയില്‍ താമസിച്ചിരുന്ന ജ്യേഷ്ഠന്‍ ജോര്‍ജ് ജോസഫ് പുത്തന്‍പുരക്കലും ഭാര്യയും കുണ്ടുകുളത്തിന്‍റെ ബന്ധുവുമായ ഡോക്‌ടര്‍ ആനിയും മറ്റും സഹായിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കസ്റ്റംസ് കണ്ടുകെട്ടിയ വന്‍ തൂക്കം വരുന്ന സ്വര്‍ണ കുരിശും മാലയും ജോര്‍ജ് ജോസഫ് ഇടപെട്ടാണ് വിട്ടുകിട്ടിയത്. ഈ സ്വര്‍ണവും പണവുമാണ് പിന്നീട് കാണാതായി!

കുണ്ടുകുളം പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ ജോര്‍ജ് ജോസഫില്‍നിന്നാണ് താനറിഞ്ഞത്. സ്വര്‍ണവും പണവും നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്ന് തന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന ജോര്‍ജ് ജോസഫ് ഇപ്പോഴില്ല. തനിക്ക് വയസ് 75 ആയി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമുണ്ട്. ഇപ്പോഴെങ്കിലും ഈ സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ആരും അറിയില്ല. ഇടതുപക്ഷക്കാരനായ താന്‍ സഭയെ മോശമാക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച കഥയാണെന്ന് സഭാധികാരികള്‍ പ്രചരിപ്പിക്കുമെന്നതിനാലാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നത്.

(കുണ്ടുകുളം പിതാവിന്റെ ചിത്രത്തിന് കടപ്പാട് - ട്രിച്ചൂര്‍‌ആര്‍ച്ച്‌ഡിയോസീസ് ഡോട്ട് ഓര്‍ഗ് / ലോനപ്പന്‍ നമ്പാടന്റെ ചിത്രത്തിന് കടപ്പാട് - ഇരിഞ്ഞാലക്കുട ഡോട്ട് കോം)

അടുത്ത പേജില്‍ വായിക്കുക ‘നമ്പാടന്‍റേത് വിപണനതന്ത്രമെന്ന് തൃശൂര്‍ അതിരൂപത’

PRO
PRO
കുണ്ടുകുളം പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയില്‍ പറയുന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് തൃശൂര്‍ അതിരൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളില്‍ എന്തെങ്കിലും കഴമ്പുള്ളതായി കരുതുന്നില്ലെന്ന്‌ അതിരൂപത ചാന്‍സലറും പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടറുമായ ഫാദര്‍ റാഫേല്‍ ആക്കാമറ്റം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പുസ്തകം വിപണിയില്‍ എത്തുന്നതിന് മുമ്പേ, ആത്മകഥയിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത നടപടി തന്നെ സംശയാസ്പദമാണ്. അടുത്തുതന്നെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന തന്‍റെ ആത്മകഥയിലെ വെളിപ്പെടുത്തലാണെന്നും വിവാദം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് പരമാവധി പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ്‌ നമ്പാടന്‍ മാധ്യമങ്ങളെ സമീപിച്ചത്‌. ഇത് പബ്ലിസിറ്റിക്കുള്ള തന്ത്രം മാത്രമാണ്.

നമ്പാടന്‍റെ ആരോപണം, ആത്മകഥ വിറ്റഴിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കുണ്ടുകുളം പിതാവിനോടൊപ്പം കെനിയന്‍ യാത്രയ്ക്കുണ്ടായിരുന്ന ഫാദര്‍ വര്‍ഗീസ്‌ പാലത്തിങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുബായില്‍ നിന്ന് സ്വര്‍ണവും പണവും സംഭാവനയായി സ്വീകരിച്ച് കെനിയയിലേക്ക് പിതാവ് പോയി എന്ന് പറയുന്നത് തന്നെ വാസ്തവവിരുദ്ധമാണ്. കാരണം, ദുബായ്‌ യാത്രയ്ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി രണ്ടുമാസത്തിനു ശേഷമാണ്‌ പിതാവ് കെനിയയിലേക്കു പോവുന്നത്‌.

നിര്‍മലദാസി സന്യാസിനിസമൂഹത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് കുണ്ടുകുളം പിതാവ് കെനിയയിലേക്ക് പോയത്. ഒരു മദര്‍ ജനറലും മറ്റൊരു കന്യാസ്ത്രീയും ഒപ്പമുണ്ടായിരുന്നു. ദുബായ്‌ വഴിയാണ്‌ പോയത് എന്ന കാര്യം ശരിയാണ്‌. എന്നാല്‍ മാറിക്കയറുന്നതിനായി ഒരു മണിക്കൂറോളം ദുബായ്‌ വിമാനത്താവളത്തില്‍ ചെലവഴിച്ചതല്ലാതെ പിതാവ് പുറത്തിറങ്ങിയിട്ടു പോലുമില്ല. ഒരുതരത്തിലുള്ള ധനസമാഹരണവും അവിടെ നടന്നിട്ടില്ല. പ്ലാസ്റ്റിക്‌ കൊണ്ടുള്ള കുരിശു മാത്രമാണ്‌ പിതാവിന്‍റെ കഴുത്തിലുണ്ടായിരുന്നത് എന്നതിന് താന്‍ സാക്ഷിയാണ്‌.

നെയ്‌റോബിയില്‍നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ഘരമാര മഠത്തില്‍ ഒരാഴ്ച തങ്ങിയശേഷമാണ്‌ വാമ്പയിലേക്കു പുറപ്പെട്ടത്‌. വാമ്പയിലെ നിര്‍മലദാസി സന്യാസിനി മഠത്തില്‍ രണ്ടുദിവസം താമസിച്ചു. അതിനിടയിലാണ് മരണം സംഭവിച്ചത്‌. ഉച്ചഭക്ഷണശേഷം മുപ്പതോളം കന്യാസ്ത്രീകളുമായി സംസാരിച്ചു നടക്കുന്നതിനിടെ പിതാവിനു പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍തന്നെ സമീപത്തെ ഇറ്റാലിയന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താന്‍ ഈ പറഞ്ഞതാണ് സത്യമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പറയാന്‍ പാടില്ലാത്തവ പരസ്പരവിരുദ്ധമായി പറയുകയാണ്‌ നമ്പാടന്‍. അദ്ദേഹം പറയുന്നതെല്ലാം ചില കേട്ടറിവുകളെ മാത്രം അടിസ്ഥാനമാക്കിയാണ്‌. തന്‍റെ മരുമകന്‍റെ ജ്യേഷ്ഠനും മൂന്നുവര്‍ഷം മുമ്പ്‌ മരിച്ചയാളുമായ ജോര്‍ജ്‌ ജോസഫ്‌ പറഞ്ഞറിഞ്ഞ കാര്യങ്ങളെന്നു പറഞ്ഞാണ്‌ നമ്പാടന്‍ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചത്‌. മരിച്ചവരുടെ പേരില്‍ എന്ത് വൃത്തികേടും വിളിച്ചുപറയാമല്ലോ എന്നും ഫാദര്‍ വര്‍ഗീസ്‌ പാലത്തിങ്കല്‍ ചോദിക്കുന്നു.

(കുണ്ടുകുളം പിതാവിന്റെ ചിത്രത്തിന് കടപ്പാട് - ട്രിച്ചൂര്‍‌ആര്‍ച്ച്‌ഡിയോസീസ് ഡോട്ട് ഓര്‍ഗ് / ലോനപ്പന്‍ നമ്പാടന്റെ ചിത്രത്തിന് കടപ്പാട് - ഇരിഞ്ഞാലക്കുട ഡോട്ട് കോം)

വെബ്ദുനിയ വായിക്കുക