ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യ ടീമിന്‍റെ ദയനീയ പ്രകടനത്തോടെ നായകനെന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മധുവിധു കാലം കഴിഞ്ഞു. ഇനി മുന്‍പിലുളളത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. സൂപ്പര്‍ താരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത ഒരു ടീമിനെയും കൊണ്ട് വെസ്റ്റിന്‍ഡീസിലേക്ക് വിമാനം കയറിയപ്പോള്‍ ഇന്നാട്ടിലെ ആരാധകര്‍ പലതും പ്രതീക്ഷിച്ചു. എന്നാല്‍ ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞതു പോലെ സൂപ്പര്‍ എട്ടില്‍ സമ്പൂര്‍ണ അടിയറവ് പറഞ്ഞ് ടീം ഇന്ത്യ നാട്ടില്‍ തിരിച്ചെത്തി.
സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റപ്പോള്‍ തന്നെ ധോണിയുടെ രക്തത്തിനായി മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയ നല്‍കിയ ഔദാര്യത്തില്‍ ലങ്കയെ 20 റണ്‍സിന് തോല്‍പ്പിച്ചാല്‍ സെമിയില്‍ കടക്കാമെന്നിരിക്കേ അതിനുവേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ കീഴടങ്ങിയതോടെ മുറുമുറുപ്പ് നിലവിളിയായി. ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് ധോണിയുടെ തലയാണ്. 2004ല്‍ നീളന്‍ മുടിയും കാടന്‍ അടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടെടുത്തുവെച്ച ധോണിയെന്ന നാടന്‍ പയ്യന്‍റെ തലയെ അനുകരിക്കാന്‍ അന്ന് പലരും തയ്യാറായി. ഇന്ന് മുടിയില്ലെങ്കിലും ആ തലയ്ക്ക് വേണ്ടി തന്നെയാണ് പലരും പോരടിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസമാകാം.
ധോണിയുടെ തന്ത്രങ്ങള്‍ മാത്രമാണോ ഇന്ത്യ വിന്‍ഡീസില്‍ നിന്ന് നേരത്തെ പെട്ടി മടക്കാന്‍ കാരണമെന്ന് ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളോളം നന്നാവാനേ നേതാവിന് കഴിയൂ എന്ന് പറയുന്നത് പോലെ ടീമിനോളം നന്നാവാനല്ലേ ക്യാപ്റ്റന് കഴിയൂ. ധോണിയുടെ പിഴച്ച തീരുമാനങ്ങളില്‍ പ്രധാനമെന്നും നിര്‍ണായകമെന്നും പറയാവുന്നത് ഓസ്ട്രേലിയ അടിച്ച് മനോവീര്യം കളഞ്ഞ രവീന്ദ്ര ജഡേജയെ വെസ്റ്റിന്‍ഡീസിനെതിരെയും കളിപ്പിച്ചു എന്നതാണ്. ഇത് ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി എന്നത് സത്യവുമാണ്.
എങ്കിലും കാലിനിടയിലൂടെ പന്ത് ഉരുണ്ട് പോകുന്നത് നോക്കി നില്‍ക്കുന്ന യുവരാജ് സിംഗും വിക്കറ്റെടുക്കില്ലെന്ന് ശപഥം ചെയ്തിറങ്ങിയ ഹര്‍ഭജനും സഹീറും ഷോര്‍ട്ട് ബോളിനെ ആകാശത്തുയര്‍ത്തിയേ അടങ്ങൂവെന്ന് വാശിപിടിച്ച റെയ്‌നയും ഗംഭീറും മുരളി വിജയ്‌യും അവസാന ഓവറാണെങ്കിലും ബൌണ്‍സര്‍ എറിഞ്ഞപ്പോള്‍ പന്ത് ലീവ് ചെയ്ത് മാതൃകാപുരുഷനാവാന്‍ ശ്രമിച്ച യൂസഫ് പത്താനുമെല്ലാം ഈ തോല്‍വിയില്‍ അവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന കാര്യം ധോണിയുടെ തലയ്ക്കായി മുറവിളി കൂട്ടുന്നവര്‍ മറന്നുകൂടാ. കുറേ മാധ്യമങ്ങളും കോറസ് പാടാന്‍ കുറച്ച് മുന്‍കാല താരങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തും നടക്കുമെന്ന് ലളിത് മോഡിയുടെ കാര്യത്തില്‍ പോലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
PRO
എങ്കിലും ക്യാപ്റ്റന്‍ കൂളെന്ന് വിളിച്ച് മതിയാവുന്നതിനു മുന്‍പ് ധോണിയെ എങ്ങനെ ക്യാപ്റ്റന്‍ ഫൂളെന്ന് വിളിക്കാന്‍ ഈ കളിവിദഗ്ധര്‍ക്ക് കഴിയുന്നു എന്നാണ് ആരാധകര്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നത്. ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ധോണിയെപ്പോലൊരു നായകനെ മാറ്റി പരീക്ഷിക്കുന്നത് ഉചിതമാണോ എന്നും നമ്മള്‍ ചിന്തിക്കണം. ഇന്ത്യയുടെ പല മുന്‍നായകരെയും പോലെ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ധോണി ടീമിന് സംഭാവന ചെയ്യുന്നത്. പലപ്പോഴും കൂട്ടത്തകര്‍ച്ചയില്‍ രക്ഷകന്‍റെ വേഷമണിയുന്നതും ധോണിയെന്ന നായകന്‍ തന്നെയായിരുന്നുവെന്ന കാര്യം ഇപ്പോള്‍ ധോണി കാടനടി അടിക്കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ സൌകര്യപൂര്‍വം മറന്നു പോകുന്നു.
ട്വന്‍റി- 20 ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ 50% ലേറെ വിജയ ശതമാനം നിലനിര്‍ത്തുമ്പോഴും ബാറ്റിംഗില്‍ ഗംഭീറിന് പിന്നില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ശരാശരിയ്ക്ക് ഉടമയാവാനും ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്ത്രങ്ങളിലെ പാളിച്ചയെ കുറ്റം പറയുന്നവര്‍ അത് നടപ്പാക്കാനാവശ്യമായ താരങ്ങള്‍ കൂടി കൈവശം വേണമെന്നകാര്യവും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ മറന്നു പോകുന്നു. ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ വീഴ്ത്താന്‍ ധോണി ഒരുക്കിയ ഫീല്‍ഡ് സജ്ജീകരണം പോലുള്ള തന്ത്രങ്ങള്‍ ട്വന്‍റി-20 ലോകകപ്പിലെത്തിയപ്പോള്‍ കണ്ടില്ലെന്നാണ് മറ്റൊരു ആരോപണം.
ഐ പി എല്ലില്‍ പൊള്ളാര്‍ഡിന്‍റെ വെടിയുണ്ട ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ശരീരവും പ്രായവും മറന്ന് ഡൈവ് ചെയ്യാന്‍ മാത്യു ഹെയ്ഡനുണ്ടായിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ എത്ര പേര്‍ ശരീരം മറന്ന് ഡൈവ് ചെയ്യാന്‍ തയ്യാറാവും. രവി ശാസ്ത്രിയെയും ഗവാസ്കറെയും പോലുള്ള കമന്‍റേറ്റര്‍മാരുടെ കമന്‍റ് കേട്ട് ധോണിയെ നായക സ്ഥാനത്തു നിന്ന് മാറ്റുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.
ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ധോണിയുടെ കാര്യത്തിലും മാധ്യമങ്ങള്‍ തന്നെ വിചാരണയും വിധിയും നടപ്പാക്കിയാല്‍ ഒരു പക്ഷേ ഇന്ത്യയ്ക്ക് കൈയകലത്തില്‍ നഷ്ടമാവുന്നത് സ്വന്തം മണ്ണില്‍ നടക്കുന്ന ഒരു ലോകകപ്പ് കൂടിയാവും. ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാമെന്ന സച്ചിന്‍റെ സ്വപ്നവും ഒരു പക്ഷേ സ്വപ്നമായി തുടര്‍ന്നേക്കും.