നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവിലാണ് വി സുരേന്ദ്രന്‍ പിള്ളയെ തേടി ഇപ്പോള്‍ മന്ത്രിസ്ഥാനം എത്തിയിരിക്കുന്നത്. പലപ്പോഴും മന്ത്രിസ്ഥാനം പല കാരണങ്ങളാല്‍ സുരേന്ദ്രന്‍ പിള്ളയുടെ കൈയില്‍ നിന്ന് പോകുകയായിരുന്നു. അത് ഒടുവില്‍ നറുക്കിന്‍റെ രൂപത്തില്‍ വരെയെത്തി. എന്നാല്‍, ഇത്തവണ മുന്നണിക്കൊപ്പം നിന്നതിന്‍റെ ഫലം പിള്ളയെ തേടിയെത്തി. സുരേന്ദ്രന്‍ പിള്ളയുടെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍ തനിക്ക് ലഭിച്ച നേട്ടങ്ങളും യാദൃശ്ചികമായിരുന്നു. ഇതാ, ഇപ്പോള്‍ കിട്ടിയ ഈ മന്ത്രിസ്ഥാനം വരെ.
കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി സുരേന്ദ്രന്‍ പിള്ള മത്സരിച്ചത് തന്നെ യാദൃശ്ചികമായിട്ടായിരുന്നു. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ പിള്ളയ്ക്ക് സീറ്റ് ലഭിച്ചത് അവസാന നിമിഷം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതാണെങ്കില്‍ പത്രിക സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന ദിവസം അവസാന നിമിഷം. ഉള്ളതു പറഞ്ഞാല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് പിള്ളയെ നിയമസഭയിലേക്ക് വിട്ടതിന്‍റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി ശോഭന ജോര്‍ജ് മത്സരിച്ചപ്പോള്‍ ശോഭനയ്ക്ക് റിബലായി ശരത് ചന്ദ്ര പ്രസാദ് വന്നതോടെ പിള്ളയുടെ ഭാഗ്യം തെളിയുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളല്‍ വീണതോടെ സുരേന്ദ്രന്‍ പിള്ള ജയിച്ചു കയറി.
ഇടതുമുന്നണി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസിന് എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പാര്‍ട്ടി നേതാവ് പി ജെ ജോസഫ് ആദ്യം മന്ത്രിയായി. വിമാനയാത്രാക്കേസ് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജോസഫിന് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ടി യു കുരുവിള മന്ത്രിയായി. രാജകുമാരി ഭൂമി ഇടപാട് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കുരുവിളയ്ക്കും രാജി വെയ്ക്കേണ്ടി വന്നു. പിന്നെയുള്ളത്, മോന്‍സ് ജോസഫും വി സുരേന്ദ്രന്‍ പിള്ളയുമായിരുന്നു.
രണ്ടുപേരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ജോസഫിന് ആദ്യം മുതലേ താല്പര്യം മോന്‍സിനോട് തന്നെയായിരുന്നു. നറുക്കെടുപ്പിലൂടെയാകാം മന്ത്രിസ്ഥാനം എന്ന് പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ നറുക്കെടുപ്പിലൂടെ മോന്‍സ് മന്ത്രിയായി. ഏതായാലും മോന്‍സ് മന്ത്രിയായതോടെ ജോസഫുമായി സുരേന്ദ്രന്‍ പിള്ള കൂടുതല്‍ അകന്നു. പി സി തോമസുമായി കൂടുതല്‍ അടുത്തു. ജോസഫും കൂട്ടരും ഇടതുമുന്നണി വിട്ടപ്പോഴും പാര്‍ട്ടി വിടാതെ മുന്നണിയില്‍ തന്നെ നിന്നതും ഇതുകൊണ്ട് കൂടി ആയിരുന്നു. ഇക്കാരണത്താല്‍ തന്നെ സുരേന്ദ്രന്‍ പിള്ളയ്ക്ക് എന്തുകൊണ്ടും അര്‍ഹതപ്പെട്ടതു കൂടിയാണ് ഈ മന്ത്രിസ്ഥാനം.
PRO
അതേസമയം, നാല് എം എല്‍ എമാരുമായെത്തിയ കേരള കോണ്‍ഗ്രസ് നാലുപേരെയും മന്ത്രിയാക്കി എന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. അതില്‍ തന്നെ ഒരാള്‍ രണ്ടു വട്ടം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായതും പ്രത്യേകതയാണ്. പി ജെ ജോസഫാണ് ഈ അപൂര്‍വ ക്രെഡിറ്റിന്‍റെ ഉടമ. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിയായത് പി ജെ ജോസഫ് ആയിരുന്നു. എന്നാല്‍, വിമായാത്രക്കേസില്‍ കുടുങ്ങിയതോടെ മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. പിന്നീട് ടി യു കുരുവിളയും മോന്‍സ് ജോസഫും മന്ത്രിയായി.
വിമാനയാത്രാക്കേസില്‍ കുറ്റവിമുക്തനായി പി ജെ ജോസഫ് തിരിച്ചെത്തിയപ്പോള്‍ തന്‍റെ പ്രിയപ്പെട്ട നേതാവിനു വേണ്ടി മോന്‍സ് ജോസഫ് മന്ത്രിക്കസേര ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് രണ്ടാം വട്ടവും പി ജെ ജോസഫ് മന്ത്രിസ്ഥാനത്ത് എത്തിയത്. പിന്നീട് കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍ കൃത്യമായ കാരണങ്ങളൊന്നും മുന്നണിയെ ബോധിപ്പിക്കാതെ ജോസഫും കൂട്ടരും മുന്നണി വിടുകയായിരുന്നു. എന്നാല്‍, പി സി തോമസും സുരേന്ദ്രന്‍ പിള്ളയും മുന്നണി വിടാതെ ഒപ്പം തന്നെ നിലകൊണ്ടു. അത് ഒടുവില്‍ ഫലം കണ്ടിരിക്കുന്നു.
1955 നവംബര്‍ 20ന് അഞ്ചലില്‍ കെ വേലു പിള്ളയുടെയും കെ കല്യാണി അമ്മയുടെയും മകനായിട്ടാണ് സുരേന്ദ്രന്‍ പിള്ളയുടെ ജനനം. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒമ്പത് വര്‍ഷമായി കേരള കോണ്‍ഗ്രസിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. അഞ്ചുവര്‍ഷം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഏഴു വര്‍ഷം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റും അഞ്ചു വര്‍ഷം കേരള ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജെ വിഭാഗത്തിന്‍റെ പ്രസിഡന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1984ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തിയത്. തിരുവനന്തപുരത്തെ കവടിയാറിലാണ് ഇപ്പോള്‍ താമസം. ആര്‍ ഗിരിജയാണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.