ഒക്ടോബര്‍ 17ന് പ്രേതം വീണ്ടും വരും; ആരും പേടിക്കരുത്

ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (15:20 IST)
PRO
ഒക്‌ടോബര്‍ മാസത്തെ കുറിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്റര്‍നെറ്റില്‍ വമ്പന്‍ ചര്‍ച്ചകള്‍ത്തന്നെ നടന്നു. കൃത്യമായി പറഞ്ഞാല്‍ ഒക്‌ടോബര്‍ 17 നെ കുറിച്ച്. ആ ഒക്‌ടോബര്‍ 17 ന്റെ പ്രേതം ഈ വര്‍ഷവും ഇറങ്ങും. മൊബൈല്‍ സന്ദേശമായും ഇ മെയിലുകളായും.

സങ്കല്‍പ്പിക്കാനാവാത്ത വിധം നീളമുള്ള ഒരു രാത്രിയും പകലും. 2400 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് 2013 ഒക്‌ടോബര്‍ 17 ന് നിങ്ങളും സാക്ഷികളാവാന്‍ പോവുന്നു, എന്ന ഇ-മെയിലോ മൊബൈല്‍ സന്ദേശമോ നിങ്ങള്‍ക്ക് ലഭിച്ചാല്‍ ചിന്തിച്ചു തലപുണ്ണാക്കണ്ട, ഇതേ സന്ദേശം 2008 ലും, 2009ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇപ്പറഞ്ഞയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്താണ് ഒക്‌ടോബര്‍ 17 നെ കുറിച്ച് ഈ സന്ദേശങ്ങളില്‍ പറയുന്നത്? ഒക്‌ടോബര്‍ 17 ന് നമുക്ക് ഒരു ഭീമന്‍ പകല്‍ ഉണ്ടാവും, അതായത് 36 മണിക്കൂര്‍ (1.5 ദിവസം) നീളുന്ന ഒരു മാരത്തണ്‍ പകല്‍. അതായത്, ഇരുളാത്ത ഒരു രാത്രിയും അടുത്ത ദിവസത്തെ പകലും ചേര്‍ന്നാലേ ഒരു പകലിനോട് നമുക്ക് വിടചൊല്ലാന്‍ സാധിക്കൂ എന്ന് !

നമുക്ക് ഇത്രയും പകല്‍ ലഭിക്കുമ്പോള്‍ തീരാത്ത ഒരു രാത്രി ഭൂമിയുടെ മറുഭാഗത്തുള്ളവര്‍ക്ക് അനുഭവിച്ചല്ലേ മതിയാവൂ. നാം തീരാത്ത പകലിനെ തള്ളിവിടാന്‍ നോക്കുമ്പോള്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആ സമയത്ത് നിദ്രാവിഹീനമായ വലിയ രാത്രിയെ തള്ളിവിടുകയായിരിക്കും എന്നും സന്ദേശത്തില്‍ പറയുന്നു.

ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ല, ലോകാവസാനം ഓര്‍മ്മയുണ്ടോ- അടുത്ത പേജ്


PRO
ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ല. ലോകാവസാ‍നവും നീളമുള്ള പകലുമെല്ലാം കഴിഞ്ഞ വര്‍ഷം ഇ-മെയിലുകളായി പാറിപ്പറന്നു നടന്ന വിവരങ്ങളാണ്. ഇത്തരം മെയിലുകളും സന്ദേശങ്ങളും നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയെങ്കിലും അവസാനം ചലനമൊന്നും സൃഷ്ടിക്കാതെ ഒക്‌ടോബറും ഡിസംബറും കടന്നു പോവുകയും ചെയ്തു!

അമേരിക്കയിലെ നാസയോ ഇന്ത്യയുടെ ഐഎസ്‌ആര്‍‌ഒയോ ഇത്തരത്തിലൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കാരണം ഇപ്പറഞ്ഞതിനൊന്നും യാതൊരു യുക്തിയുമില്ല എന്നതു തന്നെ. നമുക്ക് ഒരു മാരത്തണ്‍ പകല്‍ ലഭിക്കും എന്നു കരുണമെങ്കില്‍ അത്ഭുതം തന്നെ സംഭവിക്കണം. നമ്മുടെ ഭൂമി സ്വന്തം അച്ചുതണ്ടില്‍ തിരിയുന്നത് കൊണ്ടാണല്ലോ പകലും രാത്രിയും ഉണ്ടാവുന്നത്. നമുക്ക് നീളമുള്ള ഒരു പകല്‍ ലഭിക്കണമെങ്കില്‍ നാം അധിവസിക്കുന്ന ഭൂവിഭാഗം സൂര്യന് അഭിമുഖമായി കൂടുതല്‍ സമയം നില്‍ക്കണം.

അതായത്, നീണ്ട പകല്‍ വേണമെങ്കില്‍ നമ്മുടെ പ്രദേശത്തിന് അഭിമുഖമായി സൂര്യന്‍ എത്തുമ്പോള്‍ ഭൂമി കറക്കം നിര്‍ത്തണം. അല്ലെങ്കില്‍ അച്ചുതണ്ടില്‍ തിരിയുന്ന വേഗത കുറയ്ക്കണം-ഇതു രണ്ടും സാധ്യമല്ല.


കഴിഞ്ഞ വര്‍ഷം പേടിച്ചത് ഡിസംബര്‍ 21ന് ലോകം അവസാനിക്കുന്നതിന്?

PRO
ഡിസംബര്‍ 21ന് ലോകം അവസാനിക്കുമോ? ഈ വിഷയത്തിലാണ് ചര്‍ച്ച നടന്നത്. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും മായന്‍ കലണ്ടര്‍ പ്രവചനവും കൂടി വന്നതോടെ കഴിഞ്ഞ തവണ കാര്യങ്ങള്‍ അല്‍പ്പം സീരിയസായിരുന്നു.

ലോകവസാ‍നത്തെ നേരിടാന്‍ നോഹയുടെ പെട്ടകം പോലെയുള്ള പെട്ടകത്തിന്‍റെ നിര്‍മ്മാണം തന്നെ ചിലര്‍ തുടങ്ങി. എപ്പോഴാണ് ലോകാവസാനം? എങ്ങനെയായിരിക്കും അത് ഉണ്ടാകുക? ലോകാവസാന പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്.

മായന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു ലോകാന്ത്യത്തിന്‍റെ പ്രവചനം. ലോകാവസാനം നേരില്‍ കാണാനുള്ള കരുത്തില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ നിരവധിയാണ്. എന്നാല്‍ ലോകാന്ത്യ പ്രവചനങ്ങള്‍ ഇതുവരെ വെറും തമാശക്കളി മാത്രമായി മാറുന്നതാണ് കണ്ടിട്ടുള്ളത്.

‘ലോകാവസാനം’ ഒരു ക്യൂരിയോസിറ്റി സൃഷ്ടിക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. എങ്ങനെയായിരിക്കും അത് ഉണ്ടാവുക എന്ന് പലരും പലവിധത്തില്‍ സങ്കല്‍പ്പിച്ചുനോക്കുന്നു. സിനിമകലും പല വിധത്തിലും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടുത്ത പേജില്‍ - ഡേ ആഫ്റ്റെര്‍ ടുമോറോ


PRO
ഈ ക്യൂരിയോസിറ്റിയുടെ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഹോളിവുഡില്‍ ഒട്ടേറെ സിനിമകള്‍ ഉണ്ടായി. ‘2011‘, ‘2012‘, ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ, ആര്‍മെഗെഡോണ്‍, ദി ഡേ ആഫ്റ്റെര്‍ ടുമോറോ, ലാസ്റ്റ്മാന്‍ ഓണ്‍ ദി ഏര്‍ത്ത്, വെന്‍ വേള്‍ഡ് കൊളൈഡ് തുടങ്ങി ഇത്തരം സിനിമകളുടെ എണ്ണം അവസാനിക്കുന്നില്ല. ഇതില്‍ ഒട്ടുമിക്കതും പണംവാരിപ്പടങ്ങളായി മാറി. സാങ്കേതിക വിദ്യകളുടെ ധാരാളിത്തത്താല്‍ ഇവ അത്ഭുതവും ആകാംക്ഷയും ഉയര്‍ത്തുന്നതോടൊപ്പം തന്നെ ഭീതിയും ചോദ്യങ്ങളും ജനമനസില്‍ വളര്‍ത്തുകയും ചെയ്യുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകാവസാന പ്രവചനങ്ങള്‍ ആരംഭിച്ചിരുന്നു. മായന്‍ സംസ്കാരം പിന്‍പറ്റുന്ന കലണ്ടര്‍ പ്രകാരം ലോകം 21/12/2012ല്‍ അവസാനിക്കുമെന്നും ഈയിടെ ജപ്പാനിലുണ്ടായ സുനാമി ദുരന്തം അതിന്‍റെ മുന്നോടിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ശാസ്ത്രജ്ഞനായ സര്‍ ഐസക്ക് ന്യൂട്ടന്‍ ലോകം 2060ല്‍ അവസാനിക്കുമെന്ന് പ്രവചിച്ചുവെന്ന് ചിലര്‍ പറയുന്നു. യഹോവ സാക്ഷികള്‍ ലോകാവസാനം നിരവധി തവണ പ്രവചിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമയമായ 1914ലാണ് ലോകം അവസാനിക്കുമെന്ന് ആദ്യമായി അവര്‍ പ്രവചിച്ചത്. ന്യൂക്ലിയര്‍ ഹോളോകോസ്റ്റ്, ഓസോണ്‍ പാളിയുടെ തകര്‍ച്ച, മാരക ഹൈഡ്രജന്‍ ബോംബുകളുടെ പ്രയോഗം മുതലായവയിലൂടെ ലോകം അവസാനിക്കുമെന്നും ശാസ്ത്രം പ്രവചിക്കുന്നു. നൂറ് കോടി വര്‍ഷമാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുകയെന്ന് ശാസ്ത്രം പറയുന്നു.

ദിവസങ്ങള്‍ക്ക് അല്‍പ്പം വ്യത്യാസമുണ്ടെങ്കിലും 2012 ഡിസംബറില്‍ ലോകം അവസാനിക്കുമെന്നാണ് മിക്ക പ്രവാചകരും പറഞ്ഞിരുന്നത്. 2000 ഡിസംബര്‍ ആണ് ഇതിനുമുന്‍പ് പ്രവചിച്ചിരുന്നത്. അന്ന്, ജനുവരി ഒന്ന് പുലരുന്നതിനുമുന്‍പ് വാതിലടച്ച് ലോകാവസാനത്തിന്‍റെ കാഹളം പ്രതീക്ഷിച്ചിരുന്നവരും പ്രാര്‍ഥനയില്‍ മുഴങ്ങിയിരുന്നവരും കുടുംബത്തോടൊപ്പം എന്തു സംഭവിച്ചാലും അറിയേണ്ടെന്ന് കരുതി കുടിച്ച് ബോധമില്ലാതെ ഉറങ്ങിയവരുമുണ്ട്!

അടുത്ത പേജില്‍ - മായന്‍ പ്രവാചകരുടെ വാദഗതികള്‍

PRO
സൂര്യനും ഭൂമിയും ഗാലാക്റ്റിക് ഈക്വേറ്റര്‍ എന്ന സങ്കല്‍പ്പരേഖയും ഒരുമിക്കുന്ന അപൂര്‍വ സംഗമം 2012ല്‍ ഉണ്ടാവുമെന്ന് മായന്‍ മുന്‍ഗാമികള്‍ ആകാശം നോക്കി മനസ്സിലാക്കി എന്നാണ് വാദം. അപ്പോള്‍ സൂര്യനും അടുക്കുന്ന എന്തിനെയും വിഴുങ്ങുന്ന ബ്ളാക്ക് ഹോളും തമ്മിലുള്ള ആകര്‍ഷണവലയം ഭൂമിയെ താറുമാറാക്കും എന്നാണ് ഇക്കൂട്ടര്‍ ഇതിന് നല്‍കുന്ന ശാസ്ത്രീയ വിശകലനം. അത് പോലെ ‘പ്ലാനറ്റ് എക്സ്‘ എന്ന ഒരു ഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ലോകവസാനത്തിന്‍റെ കാരണങ്ങള്‍

സൃഷ്ടികള്‍ക്കെല്ലാം തന്നെ അന്ത്യമുണ്ടെന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ നന്‍‌മ ചെയ്തവര്‍ക്ക് സ്രഷ്ടാവിന്‍റെ വാഗ്ദാനമായ സ്വര്‍ഗവും തിന്‍‌മ ചെയ്തവര്‍ക്ക് ശിക്ഷയും കിട്ടുമെന്ന് ബൈബിളില്‍ പറയുന്നു. ഭൂമിയില്‍ ധര്‍മം നശിക്കുമ്പോള്‍ കലികാലം എന്ന അവസ്ഥയുണ്ടാകുമെന്നും അപ്പോള്‍ ദുഷ്ടനിഗ്രഹത്തിനായി കല്‍ക്കി എന്ന അവതാരമുണ്ടാകുമെന്നും ഹിന്ദുമതം പറയുന്നു.

തമോഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങും

ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ‘നീണ്ട രാത്രി അഥവാ ചെറിയ പകല്‍’ എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ഗാലക്സികളുടെ മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണെന്നും അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ലെന്നും പറയപ്പെടുന്നു. ബ്ലാക്ക് ഹോളുകള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ എന്നിവയെപ്പറ്റി ഇപ്പോഴും പൂര്‍ണ്ണമായി ശാസ്ത്രലോകത്തിനറിയില്ല. ഇവ പ്രകാശത്തെപ്പോലും പിടിച്ചെടുത്ത് വിഴുങ്ങുന്നുവെന്ന് പറയപ്പെടുന്നു.

സൌരവാതങ്ങള്‍ കരിച്ചുകളയും

സൂര്യവാതങ്ങള്‍ ശക്തമാകുമെന്നും സൌരക്കാറ്റില്‍ ഭൂമിയുടെ അന്ത്യം സംഭവിക്കുമെന്നുമാണ് ചിലരുടെ വാദം. ഇതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കുന്നത്, ദക്ഷിണ ഉത്തരധ്രുവങ്ങളില്‍ കാണപ്പെടുന്ന ഔറോറ എന്ന പ്രതിഭാസമാണ്. സൌര ആളലുകള്‍ ഉണ്ടാകുമ്പോള്‍ ധ്രുവങ്ങള്‍ അസാധാരണ പ്രകാശത്താല്‍ ദീപ്തമാകുമത്രെ. ദൈവകണത്തെപ്പറ്റി പഠിക്കാന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഭൂമിയെ തകര്‍ക്കുമെന്ന് കരുതുന്നവരുണ്ട്.

PRO
സുമേരിയന്‍ വിശ്വാസപ്രകാരം നിബ്രു(Nibru) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകി ഒരിക്കല്‍ തിരിച്ചുവരും. ആ സമയം ലോകത്തിന്‍റെ അവസാനമാകുമെന്നും അവര്‍ കരുതുന്നു. സുമേരിയന്‍സിന്‍റെ ലിഖിതങ്ങള്‍ പഠിച്ച സിറ്റ്ചിനാണ് നിബ്രു ഗ്രഹത്തെക്കുറിച്ച് പറയുന്നത്. 65 വര്‍ഷം മുന്‍പാണ് മറ്റൊരു ധൂമകേതുവുമായോ മറ്റോ കൂട്ടിയിടി ഉണ്ടായതെന്നും അതാണ് ദിനോസറുകളുടെ നാശത്തിനു കാരണമായെന്നും വിശ്വസിക്കുന്നവരുണ്ട്.

ഭീതിവിതച്ച് കോടികള്‍ കൊയ്യുക

2012 പുതുവത്സരദിനം ലോകത്ത്‌ പലേടത്തും ആഘോഷിക്കപ്പെട്ടത്‌ ലോകാവസാന ത്തെ വരവേറ്റുകൊണ്ടാണ്‌. `വെല്‍കം ടു ദി എന്‍ഡ്‌സ്‌ ഓഫ്‌ യൂണിവേഴ്‌സ്‌' എന്ന്‌ രേഖപ്പെടുത്തിയ ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍ പുറത്തിറങ്ങി. ലോകാവസാന ഭീതി ചില കേബിള്‍ ചാനലുകളില്‍ നിന്നാരംഭിച്ച് ഹോളിവുഡ് സിനിമകളിലൂടെ ജനങ്ങളുടെ മനസ്സില്‍ പടര്‍ന്നു. ലോകാവസാനത്തെപ്പറ്റി ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി. ഭീതി വിതച്ച് കോടികള്‍ കൊയ്യുക എന്ന തന്ത്രമാണ് നേട്ടം കണ്ടത്.

കയ്യിലിരുപ്പ് നല്ലതാണെങ്കില്‍ ഉടനെയൊന്നും...

എന്നാല്‍ ഇതൊന്നുമല്ല സത്യമെന്നും നമ്മുടെ കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും അവരുടെ കയ്യിലിരിപ്പു നല്ലതാണെങ്കില്‍ ഒരു നാ‍ലു ബില്യണ്‍ കോടി വര്‍ഷം കൂടി ഈ ഭൂമിയില്‍ സുഖമായി ജീവിക്കാന്‍ കഴിയുമെന്നുമാണ് നാസ പറയുന്നത്. പിന്നെ ഗാലക്സിയുടെ മധ്യരേഖ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചാണെങ്കില്‍ റോഡ് മുറിച്ചു കടക്കുന്ന അപകടം പോലും അതിനില്ലെന്നും എല്ലാ വര്‍ഷവും ഉണ്ടാകുന്ന ഒരു സംഭവമാണെന്നും നാസ പറയുന്നു.

മായന്‍ കലണ്ടര്‍ 2012ല്‍ തീരുന്നത് ലോകാവസാനമാണെന്നു വിശ്വസിക്കണമെങ്കില്‍ നിങ്ങളുടെ വീട്ടുകലണ്ടര്‍ തീരുന്നതും ലോകാവസാനമാണെന്നു വിശ്വസിക്കേണ്ടി വരും. ഭൂമിയെ ഇടിക്കാന്‍ തയാറായി വരുന്ന ഉല്‍ക്കകളെക്കുറിച്ച് ആരും സ്വപ്നം കണ്ട് ഭയക്കേണ്ടെന്നും, നാസയിലെ വിദഗ്ധര്‍ ഒരു സ്പേസ് ഗാര്‍ഡ് സര്‍വേ നടത്തിയെന്നും അടുത്തെങ്ങും ഇടിക്കാന്‍ തയാറായി ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയെത്തേടി കുതിക്കുന്നില്ലെന്നും നാസ പറയുന്നു.

എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും അതിന്‍റെ ഫലമായി ഉണ്ടാകുന്ന ആണവയുദ്ധങ്ങള്‍ക്കും മറ്റും മനുഷ്യരാശിയെത്തന്നെ തുടച്ചു നീക്കാന്‍ ശക്തിയുണ്ട്. പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭാവിയില്‍ ഇവയുടെ ദൌര്‍ലഭ്യത്തിന് കാരണമാകും. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് മനുഷ്യന്‍ അവസാനിപ്പിക്കാത്ത പക്ഷം ഭാവിയില്‍ വന്‍‌ദുരന്തത്തിന് അത് കാരണമായേക്കാം.

വെബ്ദുനിയ വായിക്കുക