എ ആര്‍ റഹ്‌മാന്‍റെയും റസുല്‍ പൂക്കുട്ടിയുടെയും ഓസ്കാര്‍ നേട്ടത്തില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട്. പക്ഷെ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ കഴിയില്ല. സൌന്ദര്യമത്സരങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ തുടര്‍ച്ചയായി വിജയിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്നത് ലളിതമായൊരു ചോദ്യമാണ്. പക്ഷേ, ഇതിനുത്തരം ‘ഇന്ത്യന്‍ കോസ്മറ്റിക് വിപണി പച്ചപിടിച്ചപ്പോള്‍’ എന്ന അപ്രിയസത്യമാണെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
നമ്മുടെ കോസ്മറ്റിക് വിപണി സൌന്ദര്യ മത്സര പ്രലോഭനങ്ങളിലൂടെ ആരൊക്കെയോ സ്വന്തമാക്കുകയായിരുന്നു. വിനോദ വിപണിയാണ്. നമ്മുടെ പശിമയുള്ള വിനോദ വിപണിയിലേക്കുള്ള കണ്ണാണ് ഈ ഓസ്കാര്‍. പ്രത്യേകിച്ചും വിനോദ, മാധ്യമ മേഖലയില്‍ വിദേശ പങ്കാളിത്തം ഉയര്‍ത്താന്‍ പോകുന്ന പശ്ചാത്തലവും അതിനുണ്ട്. വ്യക്തമാണ്, ഇന്ത്യന്‍ വിനോദ വിപണിയിലേക്ക് ഹോളിവുഡ് നിക്ഷേപം വരാന്‍ പോകുന്നു.
സൌന്ദര്യ മത്സരത്തിന്‍റെ കഥയെടുക്കുകയാണെങ്കില്‍ 1966ല്‍ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കായി കിരീടം നേടുന്നത്. അതിന് ശേഷം 1994 വരെ ഇന്ത്യയില്‍ നിന്ന് സുന്ദരികള്‍ ഉണ്ടായിരുന്നില്ല, മാലതി ബാസപ്പയെയും എലിസബത്ത് റെഡ്ഡിയെയും പോലുള്ള ചിലര്‍ സെമിഫൈനലില്‍ മുഖം കാണിച്ചിരുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍. എന്നാല്‍ മന്‍മോഹന്‍ സിംഗ് പരിഷ്കാരങ്ങള്‍ ആരംഭിച്ചശേഷമുള്ള കാലഘട്ടം ഭിന്നമാണ്.
ഇന്ത്യന്‍ വിപണി ലോകത്തിന് മുന്നില്‍ തുറന്നിട്ട കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുന്ദരിമാരുടെ എണ്ണം കൂടി. 94ല്‍ സുസ്മിതയും ഐശ്വര്യയും, 96ല്‍ ഇന്ത്യന്‍ സുന്ദരി സെമി ഫൈനലിലെത്തി. 97ല്‍ ഡയാന ഹൈഡന്‍ വിജയിച്ചു. 99ല്‍ യുക്താ മുഖി, 2000ല്‍ പ്രിയങ്ക ചോപ്ര, 2000ല്‍ തന്നെ ലാറ ദത്ത മിസ് യൂണിവേഴ്സായി. 2002, 2003, 2005, 2006, 2007 എന്നീ കാലങ്ങളില്‍ ആദ്യ അഞ്ചിലോ പത്തിലോ ഇന്ത്യന്‍ സുന്ദരിയെ കണ്ടെത്താന്‍ കഴിയും.
ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ സംഭവിച്ച വളര്‍ച്ച നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. എത്രമാത്രം വിദേശ പങ്കാളിത്തം ആ മേഖലയില്‍ ഉണ്ടായി എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പാരീസിലെ ഉന്നത കുലജാതരുടെ മാത്രം കുത്തകയായിരുന്ന പല ബ്രാന്‍ഡുകളും 90കള്‍ക്ക് ശേഷം ഇന്ത്യന്‍ ഉപഭോക്‍താവിന് ഇന്ന് കാണാപ്പാഠമാണ്.
പുതിയ ഫേഷ്യല്‍ ക്രീം വിപണിയില്‍ വിജയം നേടുമോയെന്നറിയാന്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ പരീക്ഷിച്ച് നോക്കിയ ചരിത്രത്തിന് അത്രയധികം പഴക്കമൊന്നുമില്ല. നമ്മുടെ വിയര്‍പ്പുഗന്ധം പോലും കോടികള്‍ വിറ്റുവരവുള്ള മാര്‍ക്കറ്റിന് വഴി മാറിക്കഴിഞ്ഞു. ഉടലളവുകളുടെ വിപണന സാധ്യതയിലൂടെ കോടികള്‍ മറിയുന്ന ഒരു വ്യവസായമാക്കി സൌന്ദര്യ സംരക്ഷണത്തെ എങ്ങനെ മാറ്റാം എന്ന് അവര്‍ നമുക്ക് കാട്ടിത്തരികയായിരുന്നു.
സവിശേഷമായ ഒരു ഘട്ടത്തിലാണ് ഓസ്കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അത്ര മികവുറ്റ ചിത്രമായി സ്ലം ഡോഗ് മില്യണയറിനെ കരുതാന്‍ കഴിയില്ല. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘ജയ് ഹോ’ എന്ന ഗാനത്തിനും അത്ര വലിയ മാധുര്യമില്ല. പിന്നെ എന്തു കൊണ്ട്?
ചിന്നിച്ചിതറി കിടക്കുന്ന സ്വകാര്യ നിര്‍മ്മാതാക്കളാണ് ഇന്ത്യന്‍ സിനിമയില്‍ മൂലധനം മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് പോലെയോ വാള്‍ട്ട് ഡിസ്‌നി പോലെയോയുള്ള വമ്പന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന് ഇന്നും അന്യമാണ്. റിലയന്‍സാണ് ഇന്ത്യന്‍ സിനിമാമേഖലയിലെ ആദ്യ കോര്‍പ്പറേറ്റ് ചുവടുവെയ്‌പ്പ് നടത്തിയിരിക്കുന്നത്. വിനോദ - മാധ്യമ വിപണിയില്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് അരങ്ങൊരുക്കാന്‍ പോകുന്നു എന്ന സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.
ലോകത്തെ ഏറ്റവും വലിയ വിനോദ വിപണികളിലൊന്നായ ഇന്ത്യ പിടിക്കാന്‍ ചില നിലമൊരുക്കലുകള്‍ ആവശ്യമാണ്. അതിന്‍റെ കേളി കൊട്ടാണ് നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. സിംഹത്തെ മെരുക്കാന്‍ ഇറച്ചിക്കഷണം നല്‍കി ഒടുവില്‍ അതിനെ വരുതിയിലാക്കുന്ന തന്ത്രം തന്നെയാണ് കോര്‍പ്പറേറ്റ് വിനോദ വ്യവസായികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഈ ഓസ്‌കാറിലൂടെ പരീക്ഷിച്ചത്. അത് കൊണ്ടാണല്ലോ അമേരിക്കയ്‌ക്ക് പുറത്തേയ്ക്ക് അധികം പറക്കാത്ത ഓസ്‌കര്‍ ഇത്രവേഗം നമുക്ക് അനുവദിച്ചു കിട്ടിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഓസ്കര്‍ നേട്ടങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഇത് റഹ്‌മാന്‍റെയോ പൂക്കുട്ടിയുടെയോ നേട്ടത്തെ കുറച്ചു കാണുകയല്ല. അവരുടെ നേട്ടത്തില്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും അഭിമാനമുണ്ട്. പക്ഷെ, അതിന്‍റെ പിന്നിലെ കറുത്ത നിഴലുകള്‍ നാം കാണാതിരുന്നു കൂടാ.