കോഴിപ്പോരിലെ തര്‍ക്കം; 2006ല്‍ നടന്ന കൊലയ്‌ക്ക് മറുപടി 2019ല്‍ - മധുരയിൽ റിയൽ എസ്‌റ്റേറ്റ് ഉടമയെ വെട്ടിക്കൊന്നു
വെള്ളി, 23 ഓഗസ്റ്റ് 2019 (13:24 IST)
കോഴിപ്പോര് പന്തയക്കരാറിലുണ്ടായ വിരോധം മൂലം റിയല്‍ എസ്‌റ്റേറ്റ് ഉടമയെ അജ്ഞാതസംഘം വെട്ടിക്കൊന്നു. മധുര പുതൂർ രാമവർമ നഗറിലെ രാജയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്‌ച രാത്രിയാണ് രാജയ്‌ക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പുതൂർ ഭാരതിയാർ മെയിൻ റോഡ് ഗാന്ധിപുരംവഴിയിലുള്ള മദ്യശാലയില്‍ നിന്നും മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജയുടെ ബൈക്കിന് മുന്നിലേക്ക് വലിയ കല്ല് വലിച്ചെറിഞ്ഞ് അപകടമുണ്ടാക്കി.
റോഡില്‍ തെറിച്ചുവീണ രാജയെ അരിവാളുകൊണ്ട് കഴുത്തിനും തലയ്‌ക്കും കാലിനും വെട്ടി. മുറിവ് ഗുരുതരമായതിനാല്‍ സംഭവസ്ഥലത്തുവച്ചു തന്നെ ഇയാള്‍ മരിച്ചു.
2006ല്‍ മധുര വാടിപട്ടിയിൽ നടന്ന കോഴിപ്പോരില്‍ ഒരാള്‍ കൊലപ്പെട്ടിരുന്നു. ആ സംഭവത്തില്‍ രാജയ്‌ക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഈ വിരോധമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രാജയുടെ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.