ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; ദളിത് യുവതിയെ ജീവനോടെ തീകൊളുത്തി

ബുധന്‍, 22 ഓഗസ്റ്റ് 2018 (13:42 IST)
ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിന് ദളിത് യുവതിയെ ജീവനോടെ തീകൊളുത്തി. ബീഹാറിലെ നളന്ദ ജില്ലയില്‍ പുരന്‍ ബിഗഹ ഗ്രാമത്തില്‍ ഗിരിയാക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അയല്‍ക്കാരനായ രഞ്ജിത് ചൌധരിയാണ് പിടിയിലായത്. 
 
പൊള്ളലേറ്റ് അതീവഗുരുതരമായ നിലയില്‍ യുവതി ഇപ്പോള്‍ പട്ന ആശുപത്രിയിലാണ്. രഞ്ജിത് ചൌധരിക്കും പൊള്ളലേറ്റിട്ടുണ്ട്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന്‍റെ ദേഷ്യത്തില്‍ രഞ്ജിത് തന്‍റെ മേലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇയാള്‍ക്കൊപ്പം നാല് സഹായികളുമുണ്ടായിരുന്നു എന്ന് യുവതി മൊഴി നല്‍കി.
 
എന്നാല്‍ ഗ്രാമവാസികളില്‍ ചിലര്‍ നല്‍കുന്ന വിവരം മറ്റൊരു രീതിയിലാണ്. ഭര്‍ത്താവുമായി വഴക്കിട്ട യുവതി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയശേഷം സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണത്രേ. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ രഞ്ജിത് ചൌധരി രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അയാള്‍ക്ക് പൊള്ളലേറ്റതെന്നും നാട്ടുകാര്‍ പറയുന്നു. ഏതാണ് സത്യം എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍