വധശ്രമം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അരുണിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും സുഹൃത്തും പുറത്തു പോയി വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇതേകുറിച്ച് ഏഴുവയസുള്ള മൂത്തകുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം കിട്ടാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തടിച്ചു. പല തവണ തലയില്‍ ചവിട്ടി. മര്‍ദ്ദനത്തില്‍ ഏഴുവയസ്സുകാരന്റെ തലയോട്ടി പൊട്ടി രക്തമൊഴുകി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. ഇതോടെ യുവതി മക്കളേയും കൂട്ടി ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുണിനൊപ്പം പോവുകയായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. കോടതിയിൽ വെച്ച് അരുണിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് പറയുകയും കോടതി അത് അനുവദിക്കുകയുമായിരുന്നു. അരുണും നേരത്തേ വിവാഹിതനായിരുന്നു. ഒരു മകനുമുണ്ട്. ആ ബന്ധം നിയമപരമായി പിരിഞ്ഞ ശേഷമാണ് യുവതിക്കൊപ്പം താമസം തുടങ്ങിയത്.