പത്താം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ പെൺകുട്ടിയുടെ അസ്ഥികൂടം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ചൊവ്വ, 30 ഏപ്രില്‍ 2019 (18:39 IST)
പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെൺകുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെടുത്തു. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് സംഭവം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് കിണറിന്റെ ഉടമയടക്കമുള്ളവരെ കസ്‌റ്റഡിയിലെടുത്തു.
പത്താം ക്ലാസുകാരിയുടെ ജഡം കണ്ടെത്തിയതിന് പിന്നാലെ മൂന്നാം ദിവസമാണ് അസ്ഥികൂടം കണ്ടെടുത്തത്. സംശയമുള്ളവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പൊലീസ്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കിണറിന് സമീപത്ത് നിന്നും കുട്ടിയുടെ സ്കൂൾ ബാഗ് കണ്ടെടുത്തു. മദ്യ കുപ്പികളും സ്ഥലത്ത് നിന്ന് ലഭിച്ചതോടെ വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണര്‍ പരിശോധിച്ചു.
തിരച്ചിലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഇതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ശരീരം കണ്ടെത്തിയത്.
രണ്ട് മാസം മുമ്പാണ് 18 കാരിയായ വിദ്യാർഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.