വിക്കറ്റ് വീഴ്ത്താൻ മാത്രമല്ല്, സിക്‌സ് അടിക്കുന്നതിലും സൗത്തി പുലിയാണ്, തകർത്തത് പോണ്ടിങിന്റെ റെക്കോഡ്

ബുധന്‍, 23 ജൂണ്‍ 2021 (13:39 IST)
ഇന്ത്യ- ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ കിവികളുടെ ബൗളിങ് കുന്തമുനയാണ് ടെം സൗത്തി. ലോക ടെസറ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ​ഗില്ലിനെയും രോഹിത് ശർമയെയും വീഴ്ത്തി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച താരം ന്യൂസിലൻഡ് വാലറ്റത്ത് ബാറ്റ് കൊണ്ട് തിളങ്ങി കിവികൾക്ക് നിർണായകമായ 32 ലീഡ് നേടുന്നതിനും സഹായിച്ചു.
 
ഇന്ത്യയുടെയും കിവീസിന്റെയും മുൻനിര ബാറ്റ്സ്മാന്മാർ റൺസെടുക്കാൻ പാടുപ്പെട്ട മത്സരത്തിൽ 30 റൺസെടുത്ത് ബാറ്റിങിൽ തിളങ്ങിയ സൗത്തി ഷമിക്കും ജഡേജക്കുമെതിരെ രണ്ട് പടുകൂറ്റൻ സിക്സുകളും ഇതിനിടെ പറത്തി. ഇതോടെ  79 ടെസ്റ്റിൽ സൗത്തിയുടെ സിക്സർ നേട്ടം 75 ആയി. ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിക്ക് പോലും ടെസ്റ്റിൽ 78 സിക്സുകളാണുള്ളത്.
 
അതേസമയം ടെസ്റ്റ് സിക്‌സറുകളുടെ എണ്ണത്തിൽ  ഓസീസ് മുൻ നായകൻ റിക്കി പോണ്ടിം​ഗിനെ(73) പിന്നിലാക്കാനും താരത്തിനായി. മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 101 ടെസ്റ്റിൽ നിന്ന് 107 സിക്സുകളാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 100 സിക്സ് നേടിയിട്ടുള്ള ​ഗിൽക്രിസ്റ്റാണ് പട്ടികയിൽ രണ്ടാമത്. 200 ടെസ്റ്റ് കളിച്ചിട്ടുള്ള സച്ചിൻ ടെൻഡുൽക്കറും(69), 114 ടെസ്റ്റ് കളിച്ചിട്ടുള്ള എ.ബി ഡിവില്ലിയേഴ്സുമെല്ലാം(64) ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തിക്ക് പിന്നിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍