പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ തീ തുപ്പും, രോഹിത്തോ രാഹുലോ കോലിയോ നിലയുറപ്പിച്ചില്ലെങ്കില്‍ തകര്‍ച്ച, ജാഗ്രതയോടെ കളിക്കേണ്ട ഏഴ് ഓവറുകള്‍; മെല്‍ബണില്‍ എന്തും സംഭവിക്കാം !
എല്ലാ അര്‍ത്ഥത്തിലും പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുന്നതാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സ്വഭാവം. ബൗളര്‍മാര്‍ക്ക് അനുകൂലമായ രീതിയിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കൂടുതല്‍ വേഗതയില്‍ പന്തെറിയുന്ന ബൗളര്‍മാരെ പിച്ച് നന്നായി സഹായിക്കും. ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ വേഗതയില്‍ പന്തെറിയാന്‍ താരതമ്യേന കഴിവുള്ളത് പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്കാണ്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ തുടങ്ങിയ ബൗളര്‍മാരിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.
ടോസ് ലഭിക്കുന്നവര്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. തുടക്കത്തില്‍ തന്നെ പേസര്‍മാരെ ഒരുപാട് പിന്തുണയ്ക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അല്‍പ്പ സമയം ക്രീസില്‍ ചെലവഴിച്ചാല്‍ മാത്രമേ ദുഷ്‌കരമായ പിച്ച് പരീക്ഷ ജയിക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കുകയുള്ളൂ. ആദ്യ പത്ത് ഓവറിന് ശേഷം ചെറിയ തോതില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറാനും തുടങ്ങും. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് തന്നെയാണ് കൂടുതല്‍ വിജയസാധ്യത.
ആദ്യ ഏഴ് ഓവറുകള്‍ ക്ഷമയോടെ ബാറ്റ് ചെയ്യേണ്ടിവരും. പതിഞ്ഞ താളത്തിലേ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി മാറൂ. അതുകൊണ്ട് ആദ്യ ഓവറുകള്‍ നിര്‍ണായകം. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി ത്രയത്തിന് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇവര്‍ മൂവരും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടാല്‍ വന്‍ തകര്‍ച്ച തന്നെ നേരിടേണ്ടിവന്നേക്കാം.