നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്, എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല, വിജയിച്ചെങ്കിലും അതൃപ്തി പരസ്യമാക്കി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

ഞായര്‍, 8 ഫെബ്രുവരി 2026 (12:26 IST)
യുഎസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായെങ്കിലും ടീമിന്റെ ബാറ്റിംഗ് പ്രകടനത്തില്‍ അതൃപ്തി പരസ്യമാക്കി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.വിജയിച്ചെങ്കിലും ബാറ്റിംഗ് നിര കുറച്ചുകൂടി ബുദ്ധിപൂര്‍വം കളിക്കണമായിരുന്നുവെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞു. മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
 
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പരാജയം ഇന്ത്യയെ ഒരുഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അവസാനം വരെ ക്രീസില്‍ ഉറച്ചുനിന്ന നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വം ബാറ്റ് ചെയ്യാന്‍ ബാറ്റിംഗ് നിര ശ്രദ്ധിക്കണമെന്നാണ് സൂര്യ വ്യക്തമാക്കിയത്. എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല. ഞങ്ങള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. ജയിച്ചാലും തോറ്റാലും ഓരോ മത്സരവും നമ്മളെ ഒരുപാട് പഠിപ്പിക്കും. ഏതെങ്കിലും ഒരു ദിവസം ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മത്സരദിവസം വെയില്‍ ഇല്ലാത്തത് പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കാന്‍ കാരണമായിട്ടുണ്ട്. ഇത് തുടക്കത്തില്‍ ബാറ്റിംഗ് ദുഷ്‌കരമാക്കി. പരമാവധി 140 റണ്‍സ് മാത്രം പ്രതീക്ഷിക്കാവുന്ന വിക്കറ്റായിരുന്നു ഇന്നലെ വാങ്കഡെയിലേതുമെന്നും സൂര്യ പറഞ്ഞു.
 
ഇന്ത്യ 77ന് 6 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അവസാനം വരെ പിടിച്ചുനില്‍ക്കാനാണ് പരിശീലകനായ ഗൗതം ഗംഭീര്‍ പറഞ്ഞതെന്നും മുംബൈയിലെ ലോക്കല്‍ ക്രിക്കറ്റില്‍ കളിച്ചുവളര്‍ന്നതിനാല്‍ ഇത്തരം പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെ പറ്റി തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും സൂര്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍