ചഹാലിനെയും കുൽദീപിനെയും ഒഴിവാക്കിയത് തെറ്റ്, ജഡേജയെ സ്പിന്നറായി കണക്കാക്കാനാവില്ല: വിമർശനവുമായി മഞ്ജരേക്കർ

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:43 IST)
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്‌താനോട് ഇന്ത്യ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾ. ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ ആദ്യ വിജയമായിരുന്നു കഴിഞ്ഞ മത്സരത്തിൽ സംഭവിച്ചത്.മത്സരത്തിലെ തോൽവിയോടെ ഇന്ത്യൻ ടീമിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്.
 
ഇപ്പോഴിതാ മത്സരശേഷം ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കെതിരെ വീണ്ടും വിമർശനവുമായി രംഗത്തെ‌ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ ഇന്ത്യയുടെ അഞ്ച് മുഖ്യ ബൗളര്‍മാരിലൊരാളായി പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ മഞ്ജരേ‌‌ക്കർ യുസ് വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും തഴഞ്ഞ തീരുമാനത്തെയും വിമര്‍ശിച്ചു.
 
ജഡേജയെ നിങ്ങൾക്ക് ഒരിക്കലും പ്രധാനബൗളറായി പരിഗണിക്കാനാവില്ല. അവന്‍ നാല് ഓവര്‍ മുഴുവനായും എറിഞ്ഞിരിക്കുന്നത് 50 ശതമാനം മത്സരങ്ങളില്‍ മാത്രമാണ്. അതിനാല്‍ അഞ്ച് ബൗളര്‍മാരിലൊരാളായി ജഡേജയെ കണക്കാക്കേണ്ടതില്ല. സ്പിന്നര്‍മാരെ ഉപയോഗിച്ച് എങ്ങനെ വിജയിക്കാമെന്നത് വിരാട് കോലിക്ക് തിരിച്ചറിയാനാവുന്നില്ല. യുസ് വേന്ദ്ര ചഹാലും കുല്‍ദീപും വിക്കറ്റ് വീഴ്‌ത്താൻ കെൽപ്പുള്ള താരങ്ങളാണ്.
 
കുല്‍ചാ സഖ്യം കളിച്ചുകൊണ്ടിരുന്നപ്പോള്‍ അങ്ങനെയായിരുന്നു. എന്നാല്‍ വീണ്ടും അശ്വിനെയും ജഡേജയേയും തിരികെ എത്തിച്ചിരിക്കുകയാണ്.അശ്വിനും ജഡേജയും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരല്ല. രണ്ട് പേരും ഇക്കോണമി നോക്കി പന്തെറിയുന്നവരാണ്. എന്നാൽ ടി20 ക്രിക്കറ്റിൽ വിക്കറ്റ് വീഴ്‌ത്തുന്ന സ്പിന്നർമാർക്കാണ് പ്രാധാന്യം നൽകേണ്ടത്  മഞ്ജരേക്കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍