പിച്ചിനെ പേടിച്ചേ പറ്റു, പാതിവഴിയിൽ ബാറ്റിംഗ് നിർത്തിയതിൽ വിശദീകരണവുമായി രോഹിത് ശർമ

അഭിറാം മനോഹർ

വ്യാഴം, 6 ജൂണ്‍ 2024 (14:18 IST)
Rohit sharma, Worldcup
250നും മുകളില്‍ റണ്‍സ് സാധാരണമായി വന്നിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം ബാറ്റര്‍മാര്‍ കഷ്ടപ്പെടുന്ന ടി20 ലോകകപ്പാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഇപ്പോള്‍ നടക്കുന്നത്. അപ്രവചനീയമായ ബൗണ്‍സ് നിലനില്‍ക്കുന്ന പുതിയ പിച്ചുകളില്‍ ബാറ്റര്‍മാരുടെ നിലനില്‍പ്പ് പോലും കഷ്ടത്തിലാണ്. ഈ സാഹചര്യത്തിലും അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനങ്ങളാണ് രോഹിത് ശര്‍മയും റിഷഭ് പന്തും ഇന്ത്യയ്ക്കായി കാഴ്ചവെച്ചത്.
 
 തുടക്കത്തില്‍ തന്നെ ഒരു ക്യാച്ച് അവസരം നല്‍കിയെങ്കിലും അയര്‍ലന്‍ഡ് ഫീല്‍ഡര്‍മാര്‍ രോഹിത്തിനെ കൈവിടുകയായിരുന്നു. ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ച പിച്ചില്‍ ഐറിഷ് താരം ജോഷ് ലിറ്റിലിന്റെ പന്ത് വലത് തോളില്‍ തട്ടിയതിന് പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ കളം വിട്ടിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും എന്തുകൊണ്ട് മത്സരം പൂര്‍ത്തിയാകാതെ പോയെന്ന ചോദ്യത്തിന് മത്സരശേഷം രോഹിത് മറുപടി പറയുകയും ചെയ്തു.
 
പിച്ച് എങ്ങനെ പെരുമാറുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അഞ്ച് മാസം പ്രായമുള്ള പിച്ചിലാണ് കളിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നത് പ്രയാസം തന്നെയായിരുന്നു. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നും വലിയ സഹായം ലഭിച്ചു. ലെങ്ത് പന്തുകള്‍ സ്ഥിരമായി അടിച്ചുകളിക്കാനായിരുന്നു തീരുമാനം. അമേരിക്കയിലെ പിച്ചില്‍ നാല് സ്പിന്നര്‍മാരെ ആവശ്യമുള്ളതായി തോന്നുന്നില്ല. ടീം തിരെഞ്ഞെടുക്കുമ്പോള്‍ സന്തുലിതമാകണമെന്നാണ് ചിന്തിച്ചത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമാണെങ്കില്‍ ആ രീതിയില്‍ ടീമിനെ ഇറക്കും. വെസ്റ്റിന്‍ഡീസ് പിച്ചുകളില്‍ അതിന്റെ ആവശ്യം വരുമെന്നും രോഹിത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍