ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നാലാമനായി രവീന്ദ്ര ജഡേജയെ ബാറ്റിങ്ങിനിറക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നു പ്ലേയിങ് ഇലവനില്‍ നാലാം നമ്പറില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 16-ാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റായി ഇഷാന്‍ കിഷന്‍ പുറത്തായപ്പോള്‍ നാലാമനായി ജഡേജയാണ് ബാറ്റ് ചെയ്യാനെത്തിയത്. സഞ്ജു എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.
' ജഡേജയുടെ തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് അല്‍പ്പം നേരത്തെ ബാറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിക്കുന്ന കൂടുതല്‍ മത്സരങ്ങളില്‍ ഇനിയും ഇത് കാണാന്‍ സാധിക്കും. ബാറ്റിങ് ഓര്‍ഡറില്‍ കുറച്ചുകൂടി മുന്‍പ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ നല്ലൊരു ബാറ്ററാണ്. കുറച്ചുകൂടി മുന്നിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ പറ്റുമോ എന്ന് ഞങ്ങള്‍ ആലോചിക്കും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന നേട്ടങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്,' രോഹിത് പറഞ്ഞു.