ജഡേജ പന്ത് കറക്കിയാല്‍ ലോര്‍ഡ്സ് ചരിത്രമാകും; ഇംഗ്ളണ്ടിന് നാണക്കേടും
തിങ്കള്‍, 21 ജൂലൈ 2014 (15:10 IST)
ഇന്ത്യ ഇന്ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ജയിച്ചാല്‍ ചരിത്രമാകുന്നത് രവീന്ദ്ര ജഡേജയുടെ കറങ്ങുന്ന പന്തുകളാകും. അവസാന ദിനമായ ഇന്ന് ഇംഗ്ളണ്ടിന് ജയിക്കാന്‍ ആറ് വിക്കറ്റ് കൈയിലിരിക്കേ 214 റണ്‍സ് കൂടി വേണം.
ആദ്യ ദിവസങ്ങളില്‍ പേസും ബൌണ്‍സും ആവോളം ലഭിക്കുന്ന ലോര്‍ഡ്സില്‍ അഞ്ചാം ദിവസം സ്പിന്നിന് അനുകൂലമാകുന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി രവീന്ദ്ര ജഡേജയെ എങ്ങനെ ഉപയോഗിക്കുമെന്ന് ആശ്രയിച്ചായിരിക്കും ടീം ഇന്ത്യയുടെ വിജയ സാധ്യത. നാലാം ദിനം സെക്കന്‍ഡ് ചേഞ്ചായി ബൌള്‍ ചെയ്യാനെത്തി ഓപ്പണര്‍ റോബ്‌സനെ പുറത്താക്കി ജഡേജ ഇന്ത്യ കാത്തിരുന്ന ബ്രേക് ത്രൂ നല്‍കുകയും ചെയ്തു.
പിച്ചിലെ വിടവില്‍ കുത്തി എമ്പാടും തിരിയുന്ന ലോര്‍ഡ്‌സാണ് നാലാം ദിവസം വൈകുന്നേരം കണ്ടത്. അതിനാല്‍ തന്നെ അവസാന ദിവസം സ്പിന്നിന് കൂടുതല്‍ അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ട്. ജഡേജയെ കൂടാതെ അത്യാവശ്യം സ്പിന്‍ കൈകാര്യം ചെയ്യുന്ന വിരാട് കോഹ്‌ലി, മുരളി വിജയ് എന്നിവരെ കൂടി ഉപയോഗപ്പെടുത്തിയാല്‍ കളി ഇന്ത്യന്‍ വരുതിയില്‍ എത്തും.
ജോ റൂട്ടും മൊഈന്‍അലിയും എത്രനേരം ക്രീസില്‍ നില്‍ക്കുമെന്ന് ആശ്രയിച്ചാണ് ഇംഗ്ളണ്ട് നിരയുടെ വിധി വരുന്നത്. ഇന്ത്യയുടെ പേസ് ബൌളിംഗ് നിരയും മികച്ച പ്രതീക്ഷ നല്‍കുന്നതാണ്. ജഡേജ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തുമെന്ന് ഓപ്പണര്‍ മുരളി വിജയ് അഭിപ്രായപ്പെട്ടിരുന്നു.