Ravichandran Ashwin: മങ്കാദിങ് പോലെ പല വിവാദങ്ങള്‍ക്കും പേരുകേട്ട താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. പലപ്പോഴും ഓണ്‍ ഫീല്‍ഡ് അംപയര്‍മാരോട് പോലും അശ്വിന്‍ തര്‍ക്കിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ ടിവി അംപയറുടെ തീരുമാനത്തെ കളിക്കളത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്തിരിക്കുകയാണ് താരം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് രസകരമായ സംഭവം. ട്രിച്ചിയും ദിന്‍ഡിഗല്‍ ടീം ഏറ്റുമുട്ടുന്നതിനിടെ ദിന്‍ഡിഗല്‍ താരമായ അശ്വിന്‍ ഒരിക്കല്‍ റിവ്യു ചെയ്ത ബോള്‍ വീണ്ടും റിവ്യു ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ട്രിച്ചി ഇന്നിങ്‌സിന്റെ 13-ാം ഓവറിലാണ് സംഭവം. രാജ്കുമാര്‍ ആയിരുന്നു ട്രിച്ചിക്ക് വേണ്ടി ബാറ്റ് ചെയ്തിരുന്നത്. അശ്വിന്‍ എറിഞ്ഞ പന്ത് രാജ്കുമാറിന്റെ ബാറ്റിനു തൊട്ടരികിലൂടെ കടന്നുപോകുകയായിരുന്നു. വിക്കറ്റിനായി അശ്വിന്‍ അടക്കമുള്ളവര്‍ അപ്പീല്‍ ചെയ്തു. അംപയര്‍ വിക്കറ്റ് അനുവദിച്ചു. ഉടന്‍ തന്നെ ബാറ്റര്‍ രാജ്കുമാര്‍ ഡിആര്‍എസ് എടുത്തു. ഡിആര്‍എസില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അംപയര്‍ ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു.
ഓണ്‍ ഫീല്‍ഡ് അംപയര്‍ വിക്കറ്റ് തീരുമാനം പിന്‍വലിച്ചതിനു പിന്നാലെ അശ്വിന്‍ വീണ്ടും ഡിആര്‍എസ് എടുക്കുകയായിരുന്നു. ഒരിക്കല്‍ പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ നിര്‍ബന്ധിതനായി. അശ്വിന്റെ തീരുമാനത്തെ ടിവി അംപയര്‍മാരും ഓണ്‍ ഫീല്‍ഡ് അംപയര്‍മാരും ഏറെ ആശ്ചര്യത്തോടെയാണ് കണ്ടത്. രണ്ടാം ഡിആര്‍എസിലും അത് ഔട്ടല്ലെന്ന് അംപയര്‍ വിധിച്ചു. ടിവി അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു അശ്വിന്‍ രണ്ടാം ഡിആര്‍എസിലൂടെ. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുമായി അശ്വിന്‍ തര്‍ക്കിക്കുകയും ചെയ്തു. എന്തായാലും അശ്വിന്‍ കാരണം ദിന്‍ഡിഗല്‍ ടീമിന് ഒരു റിവ്യു നഷ്ടമായി.