ആരൊക്കെ പുറത്താകും ?; ധോണി ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിച്ച് രവി ശാസ്‌ത്രി

വെള്ളി, 16 നവം‌ബര്‍ 2018 (12:38 IST)
2019 ലോകകപ്പിനു മാസങ്ങള്‍ മാത്രം അവശേഷിക്കെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മോശം ഫോമും പ്രായവുമാണ് താരത്തിനു തിരിച്ചടിയാകുന്നത്. എന്നാല്‍  ആരാധകരുടെ ആശങ്കയ്‌ക്ക് വിരാമമിട്ടിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്‌ത്രി.

ലോകകപ്പിന് ഒരുങ്ങുന്ന ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് രവി ശാസ്‌ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പരിക്കുകള്‍ അലട്ടിയില്ലെങ്കില്‍ ടീമിലുള്ള 15 പേരും ലോകകപ്പ് കളിക്കുമെന്നാണ് വിശ്വാസം. ഈ ടീമില്‍ നിന്നും ആരെയും പുറത്താക്കാനോ മാറ്റങ്ങള്‍ വരുത്താനോ ആഗ്രഹിക്കുന്നില്ലെന്നും പരിശീലകന്‍ പറഞ്ഞു.

അതേസമയം, ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് ആരംഭിക്കുന്നത് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം. ടീമിലുള്ള 15 പേരില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ കനത്ത തിരിച്ചടിയാകും ഉണ്ടാകുക. അങ്ങനെ സംഭവിച്ചാല്‍ മത്സര പരിചയമില്ലാത്ത താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

രവി ശാസ്‌ത്രിയുടെ വാക്കുകള്‍ ധോണി ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. മോശം ഫോമിലാണെങ്കിലും മഹിയുടെ സാന്നിധ്യം ടീമിനു മാനസികമായ കരുത്ത് പകരുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് ധോണിയുടെ ഇടപെടലുകള്‍ സഹായകമാകുമെന്നും വിലയിരുത്തുന്നുണ്ട്.

ഇംഗ്ലണ്ട് ലോകകപ്പിന് മുമ്പ് 13 ഏകദിനങ്ങളാണ് ഇന്ത്യ ഇനി കളിക്കുക. ഓസ്‌ട്രേലിയക്കെതിരെ എട്ട്ഏകദിനങ്ങളും (ഓസ്‌ട്രേലിയയില്‍ 3, ഇന്ത്യയില്‍ 5,) ന്യൂസീലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളും ഇന്ത്യ കളിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍