എല്ലാവരേയും കുറിച്ച് മധുരമുള്ള വാക്കുകള്‍ പറയലല്ല എന്റെ ജോലി; അശ്വിന്റെ 'സങ്കടത്തെ' തള്ളി രവി ശാസ്ത്രി

വ്യാഴം, 6 ജനുവരി 2022 (09:48 IST)
രവി ശാസ്ത്രി കുല്‍ദീപ് യാദവിനെ പുകഴ്ത്തിയത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്ന രവിചന്ദ്രന്‍ അശ്വിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ശാസ്ത്രി വീണ്ടും രംഗത്ത്. മധുരമുള്ള വാക്കുകള്‍ പറഞ്ഞത് എല്ലാവരേയും സുഖിപ്പിക്കലല്ല തന്റെ ജോലിയെന്നും യാതൊരു അജണ്ടയുമില്ലാതെ സത്യസന്ധമായ കാര്യങ്ങള്‍ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ശാസ്ത്രി പറഞ്ഞു. 
 
'വിദേശ പിച്ചില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ കുല്‍ദീപ് യാദവാണ്' എന്ന ശാസ്ത്രിയുടെ പരാമര്‍ശമാണ് തന്നെ തകര്‍ത്തുകളഞ്ഞതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ പറഞ്ഞത്. 2019-ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് എടുത്തപ്പോഴാണ് രവി ശാസ്ത്രിയുടെ പുകഴ്ത്തല്‍. 
 
'ശരിയാണ്, കുല്‍ദീപിന്റേത് വലിയ നേട്ടമാണ്. ഓസ്ട്രേലിയയില്‍ അഞ്ച് വിക്കറ്റ് നേടുന്നത് വലിയൊരു കാര്യം തന്നെയാണ്. എനിക്കതിന്റെ മൂല്യമറിയാം. കുല്‍ദീപിന്റെ നേട്ടത്തില്‍ എനിക്ക് സന്തോഷവുമുണ്ട്. എനിക്ക് ഓസ്ട്രേലിയയില്‍ അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. കുല്‍ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം എത്ര വലുതാണെന്ന് അതുകൊണ്ട് തന്നെ എനിക്ക് നന്നായി അറിയാം. എങ്കിലും ഒരൊറ്റ ദിവസത്തെ കളിയിലൂടെ കുല്‍ദീപാണ് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. എനിക്ക് ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായി' അശ്വിന്‍ പറഞ്ഞു. 
 
അശ്വിന്റെ വിഷമത്തെ അത്ര വലിയ കാര്യമായി കാണാന്‍ ശാസ്ത്രി തയ്യാറല്ല. കടുപ്പമേറിയ ഭാഷയില്‍ തന്നെയാണ് അശ്വിന്‍രെ പരാമര്‍ശത്തിനു ശാസ്ത്രി മറുപടി നല്‍കിയത്. ' എല്ലാവരുടേയും ബ്രെഡ്ഡില്‍ മധുരം തേച്ച് കൊടുക്കുകയല്ല എന്റെ ജോലി. സത്യസന്ധമായി വസ്തുതകള്‍ യാതൊരു അജണ്ടയുമില്ലാതെ പറയുക മാത്രമാണ് എന്റെ ജോലി. സിഡ്‌നി ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിട്ടില്ല. കുല്‍ദീപ് നന്നായി കളിച്ചു, അഞ്ച് വിക്കറ്റുകളെടുത്തു. ഒരു സ്പിന്നറും വിദേശ പിച്ചില്‍ ചെയ്യാത്തത് ഗംഭീരമായി കുല്‍ദീപ് ചെയ്തു. അദ്ദേഹം സിഡ്‌നിയില്‍ ബൗള്‍ ചെയ്ത രീതി വിലയിരുത്തി ഇന്ത്യയുടെ നമ്പര്‍ 1 സ്പിന്നര്‍ ആകാനുള്ള എല്ലാ സാധ്യതയും കാണുന്നതായി ഞാന്‍ പറഞ്ഞു. അത് മറ്റുള്ള താരങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്,' രവി ശാസ്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍