സിഡ്‌നിയിൽ ജയിച്ചാൽ ധോനിക്കൊപ്പം, രഹാനെയ്‌ക്ക് മുന്നിൽ എണ്ണം പറഞ്ഞ റെക്കോർഡുകൾ

ചൊവ്വ, 5 ജനുവരി 2021 (19:48 IST)
ഓസീസിനെതിരെ മൂന്നാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പരയിൽ നിർണായകമായ ലീഡ് നേടാനാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്. അജിങ്ക്യ രഹാനെയുടെ നായകത്വത്തിന് കീഴിൽ ഇറങ്ങിയ ടീം കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമായിരുന്നു കാഴ്‌ച്ചവെച്ചത്. അതിനാൽ തന്നെ സിഡ്നിയിൽ വിജയപ്രതീക്ഷയുമായാണ് ടീം ഇറങ്ങുന്നത്.
 
അതേസമയം കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും നിരവധി നേട്ടങ്ങളാണ് സിഡ്‌നിയിൽ രഹാനെയെ കാത്തിരിക്കുന്നത്. സിഡ്‌നിയിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ നായകനായ ആദ്യ നാല് ടെസ്റ്റിലും ടീമിനെ ജയിപ്പിച്ച രണ്ടാമത്തെ മാത്രം ക്യാപ്‌റ്റനാകാൻ രഹാനെക്ക് സാധിക്കും. ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ നായകൻ.
 
അതേസമയം ഓസ്ട്രേലിയയിൽ 1000 റൺസ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമെന്ന നേട്ടവും രഹാനെയെ കാത്തിരിക്കുന്നുണ്ട്. നിലവിൽ ഓസ്ട്രേലിയയിൽ 10 കളികളിൽ നിന്നും 797 റൺസാണ് രഹാനെയുടെ സമ്പാദ്യം. വിദേശത്ത് 3000 റൺസിന് മുകളിൽ നേടുന്ന പത്താമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും രഹാനെക്ക് മുൻപിലുണ്ട്. നിലവിൽ ഇന്ത്യക്ക് പുറത്ത് 40 കളികളിൽ 2891 റൺസാണ് രഹാനെ നേടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍