‘പാകിസ്ഥാനോട് ഇന്ത്യ തോല്‍‌ക്കും, ഈ ലോകകപ്പ് ഞങ്ങള്‍ക്കായിരിക്കും’; കാരണങ്ങള്‍ നിരത്തി മോയിൻ ഖാൻ

ബുധന്‍, 13 ഫെബ്രുവരി 2019 (13:28 IST)
ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ മോയിൻ ഖാൻ. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്ക് മുമ്പില്‍ കളിമറക്കുന്നവരെന്ന ചീത്തപ്പേര് ഇത്തവണ പാകിസ്ഥാന്‍ തുടച്ചു നീക്കു. അത്രയ്‌ക്കും ശക്തമാണ് സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക് ടീം. ഞങ്ങളുമായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടേക്കുമെന്നും മോയിൻ ഖാന്‍ പറഞ്ഞു.

വൈവിധ്യമാര്‍ന്ന ബാറ്റിംഗും ബോളിംഗുമാണ് പാകിസ്ഥാന്റെ കരുത്ത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ ഒരുപിടി പുത്തൻ താരങ്ങൾ കൂടെയുണ്ട്. അതിനാല്‍ ലോകകപ്പ് സാധ്യത പട്ടികയില്‍ ഞങ്ങള്‍ മുന്‍ നിരയിലാണ്. ഒരു പക്ഷേ കപ്പുയര്‍ത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ കരുത്തരായ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയവര്‍ക്കെതിരെ  ഏകദിനങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് പാക് ടീം ലോകകപ്പിനെത്തുക. രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍‌സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ മുട്ടു കുത്തിച്ചത് ഓര്‍മിക്കേണ്ടതാണെന്നും മോയിന്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിൽ നടക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ജൂൺ 16ന് ഓൾഡ് ട്രാഫോഡിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന മോയിൻ ഖാന്റെ പ്രവചനം. ഇതുവരെ ആറു തവണ ലോകകപ്പ് വേദികളിൽ മുഖമുഖമെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ അവര്‍ക്ക് സാധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍