ഇന്ത്യയെ ബാക്ക് സീറ്റിലാക്കുന്നത് രാഹുലിൻ്റെ മോശം സമീപനം, കോലിയ്ക്കും സൂര്യയ്ക്കും അധികപണി

ചൊവ്വ, 1 നവം‌ബര്‍ 2022 (14:55 IST)
ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് സെമി സാധ്യതകൾ ഇപ്പോഴും സജീവമാണെങ്കിലും ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് ഓപ്പണർ കെ എൽ രാഹുലിൻ്റെ മെല്ലേപ്പോക്ക് സമീപനം. ലോകകപ്പിൽ . 8 പന്തിൽ 4 റൺസ്, 12 പന്തി‍ൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ ഓപ്പണർ രാഹുലിന്റെ സ്കോർ. ആകെ 34 പന്തുകൾ നേരിട്ടപ്പോൾ നേടാനായത് 22 റൺസ് മാത്രം.
 
മറ്റ് ടീമുകളെല്ലാം പവർപ്ലേ ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്തി മത്സരത്തിൽ മുൻതൂക്കം നേടാൻ ശ്രമം നടത്തുമ്പോൾ സ്വന്തം വിക്കറ്റ് സംരക്ഷിച്ച് റൺസ് കണ്ടെത്താനുള്ള രാഹുലിൻ്റെ നെഗറ്റീവ് സമീപനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്വതവേ അല്പം സമയം കണ്ടെത്തി കൂറ്റൻ ഷോട്ടുകൾ കളിക്കുന്ന രോഹിത് ശർമയ്ക്ക് രാഹുലിൻ്റെ സമീപനം കാരണം റൺ റേറ്റ് ഉയർത്തേണ്ടി വരുന്നതിനാൽ വലിയ ഇന്നിങ്സുകൾ കളിക്കുന്നതിൽ രോഹിത്തും പരാജയപ്പെടുന്നു.
 
മറ്റ് ടീമുകൾ പവർപ്ലേ ആനുകൂല്യം മുതലെടുത്ത് റൺറേറ്റ് ഉയർത്തുമ്പോൾ വിക്കറ്റ് സംരക്ഷിക്കാനുള്ള രാഹുലിൻ്റെ ശ്രമം പിറകെ വരുന്ന ബാറ്റർമാർക്ക് റൺ റേറ്റ് ഉയർത്തിയെടുക്കേണ്ട അധിക ബാധ്യത കൂടി നൽകുന്നുണ്ട്. മികച്ച ഫോമിലുള്ള വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ ഈ ദൗർബല്യത്തെ മറച്ചുപിടിക്കുന്നത്. മധ്യനിരയിൽ ഇവർ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകരുന്നതിനാകും ലോകകപ്പിൽ സാക്ഷ്യം വഹിക്കേണ്ടതായി വരുക.
 
കഴിഞ്ഞ 2 വർഷമായി പവർപ്ലേയിൽ വെറും 144 സ്ട്രൈക്ക്റേറ്റ് മാത്രമാണ് കെ എൽ രാഹുലിനുള്ളത്. 27 ഇന്നിങ്ങ്സുകളിൽ നിന്ന് 24.5 ശരാശരിയിലാണ് രാഹുൽ ഈ കാലയളവിൽ ബാറ്റ് വീശിയത്. ഇക്കഴിഞ്ഞ ഏഷ്യാക്കപ്പിൽ 5 ഇന്നിങ്സുകളിൽ 26.40 ശരാശരിയിൽ 132 റൺസ് മാത്രമായിരുന്നു രാഹുലിന് നേടാൻ കഴിഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍