ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആകാന്‍ സാധ്യതയുള്ള താരമാണ് കെ.എല്‍.രാഹുല്‍. പരിമിത ഓവര്‍ മത്സരങ്ങളില്‍ രാഹുല്‍ വിനാശകാരിയായ ബാറ്റ്‌സ്മാനാണ്. ക്രീസില്‍ നിലയുറച്ചാല്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന ശൈലി. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ രാഹുല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനെ കുറിച്ച് സംസാരിക്കുകയാണ്. ഇപ്പോഴത്തെ നായകന്‍ വിരാട് കോലിയല്ല രാഹുലിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍. മറിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് രാഹുലിന്റെ ഇഷ്ടപ്പെട്ട നായകന്‍.
'ആരെങ്കിലും 'ക്യാപ്റ്റന്‍' എന്നു പറയുന്നത് കേട്ടാല്‍ തന്നെ ഞങ്ങളുടെയൊക്കെ മനസിലേക്ക് ആദ്യം എത്തുന്ന പേര് എം.എസ്.ധോണി എന്നാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തിനു കീഴില്‍ കളിച്ചു. ഒരുപാട് ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കിരീടം നേടിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരുപാട് സംഭാവന ചെയ്തു. എന്നാല്‍, ധോണിയുടെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത് സഹതാരങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്ന ബഹുമാനമാണ്. ഉയര്‍ച്ച താഴ്ച്ചകളില്‍ എത്രത്തോളം വിനീതനാകണമെന്നാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നു പഠിച്ച പാഠം. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം രാജ്യത്തിന് വേണ്ടി നല്‍കിയ നേട്ടങ്ങളെ അവിശ്വസനീയം എന്ന് വിശേഷിപ്പിക്കേണ്ടിവരും,' രാഹുല്‍ പറഞ്ഞു.