തിരുവനന്തപുരത്ത് മഴ കളിച്ചേക്കും; ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിൽക്കുന്നു - മുന്നറിയിപ്പുമായി അധികൃതര്‍

തിങ്കള്‍, 6 നവം‌ബര്‍ 2017 (16:11 IST)
ഇന്ത്യ- ന്യൂസിലന്‍ഡ് നിർണായക മൂന്നാം ട്വന്റി-20 മൽസരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. വൈകിട്ട് ഏഴുമണിക്കാണ് മൽസരം തുടങ്ങുക.

ഇന്ന് പെയ്‌ത ശക്തമായ മഴയില്‍ ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞു. നാളെ മഴ പെയ്‌താല്‍ ഇതേ സാഹചര്യം ഉണ്ടാകുകയും ഔട്ട്ഫീല്‍‌ഡ് പൂര്‍ണ്ണമായും കുതിര്‍ന്ന അവസ്ഥയിലായി തീരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൽസര തീയതി തീരുമാനിക്കുമ്പോൾ കളി നടക്കുന്ന സ്ഥലത്തെ കാലാവസ്ഥ കണക്കിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ വ്യക്തമാക്കി.

മഴ തുടരുന്ന സാഹചര്യത്തില്‍ പിച്ചുകൾ പൂർണമായി മൂടിയിട്ടുണ്ട്. എന്നാല്‍, ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതാണ് കളിക്ക് തടസമായി നില്‍ക്കുന്നത്. വെള്ളം കെട്ടിനിൽക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനാം സ്‌റ്റേഡിയത്തിന് ഉണ്ടെങ്കിലും മഴ ശക്തമാകുന്നത് പ്രതീക്ഷകളെ തകിടം മറിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തി. 45,000 ത്തോളം കാണികൾക്കാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍