ഇന്ത്യ ഇംഗ്ളണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ ബ്രിസ്റ്റോളിലാണ്. മലയാളിതാരം സഞ്ജു സാംസണിന് ഇന്ന് കളിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്.
ബാറ്റിംഗിലും ബൗളിംഗിലും ടെസ്റ്റിൽ നഷ്ടമായ ആധിപത്യം ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. ശിഖർധവാൻ-രോഹിത് ശർമ്മ ഓപ്പണിംഗ് കൂട്ടുകെട്ടും. കൊഹ്‌ലി, രഹാനെ, ധോണി, റെയ്‌ന, അമ്പാട്ടി, സഞ്ജു എന്നിങ്ങനെ തുടരുന്ന ബാറ്റിംഗ് ലൈനപ്പും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നാല് പേസർമാരാണെങ്കിൽ സ്പിന്നറായി അശ്വിൻ, ജഡേജ എന്നിവരിൽ ഒരാളെ കാണാനിടയുള്ളൂ.
നായകൻ അലസ്റ്റിയർ കുക്ക്, ഇയാൻ ബെൽ, ഗാരി ബാലൻസ്, ബട്ട്ലർ, ഇയോൻ മോർഗൻ, ജോറൂട്ട് തുടങ്ങിയ മികച്ച ബാറ്റ്സ്‌മാൻമാരും ജെയിംസ് ആൻഡേഴ്സൺ, ജെയിംസ് ട്രേഡ്‌വെൽ, മൊയീൻ അലി എന്നീ ബൗളർമാരുമാണ് ഇംഗ്ളണ്ടിന്റെ കരുത്ത്.
ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐ ഈ പരമ്പരയെ കാണുന്നത്. അതിനായി മുഖ്യ കോച്ച് ഡങ്കൻ ഫ്ളച്ചറുടെ മേലായി മുൻ നായകൻ രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയോഗിച്ചുകഴിഞ്ഞു. ബാറ്റിംഗ് കോച്ചായി സഞ്ജയ് ബംഗാർ, ബൗളിംഗ് കോച്ചായി ബി അരുൺ, ഫീൽഡിംഗ് കോച്ചായി ആർ ശ്രീധർ എന്നിവരും ടീമില്‍ ഉണ്ട്.
നാളെ അരങ്ങേറ്റത്തിന് സഞ്ജുവിന് അവസരം ലഭിക്കുകയാണെങ്കിൽ വിക്കറ്റ് കീപ്പറായി കളിക്കുമോ എന്നത് സംശയമാണ്. കീപ്പിംഗിൽ ധോണിക്കാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജു കളിക്കും. വൈകിട്ട് 3 മുതലാണ് കളി തുടങ്ങുന്നത്.