രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യക്ക് മാനം കാക്കണം

ബുധന്‍, 27 ഓഗസ്റ്റ് 2014 (10:27 IST)
ഇന്ത്യ ഇംഗ്ളണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാഡിഫില്‍ നടക്കും. ആദ്യ ഏകദിനം മഴ കാരണം നടന്നിരുന്നുല്ല. കാഡിഫില്‍ മഴയുടെ ലക്ഷണമൊന്നുമില്ലാത്തതിനാല്‍ കളി നടക്കുമെന്നുറപ്പാണ്.

മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ലഭിക്കുന്ന സൂചന. ധോണി പുറത്തിരുന്നാല്‍ മാത്രമേ സഞ്ജുവിന് സാധ്യതയുള്ളൂ. അങ്ങനെയൊരു സാഹചര്യമില്ലാത്തതിനാല്‍ സഞ്ജുവിന്റെ കാര്യം കണ്ട് അറിയാം. ബ്രിസ്റ്റോളില്‍ നെറ്റ് പരിശീലനത്തില്‍ അവസാന ഊഴക്കാരനായിരുന്നു സഞ്ജു. മറ്റുള്ളവര്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് സഞ്ജുവിന് അവസരം കിട്ടിയത്.

ശിഖര്‍ ധവാനൊപ്പം രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ ഇറക്കാനുള്ള തീരുമാനം ടീമിലുണ്ട്. ഇരുവരും നേരെത്തെ നല്ല തുടക്കം ടീമിന് നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യന്‍ ടീമിന്റെ പുതിയ ചുമതലക്കാരനായ രവിശാസ്ത്രിയുടെ ഉപദേശവും നിര്‍ദേശവും കേട്ടാണ് ധവാനും വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത്.

ഇംഗ്ളണ്ട്നിരയില്‍ ഓപണിങ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സിന് ഇന്ന് അരങ്ങേറ്റമാണ്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനൊപ്പം ഹെയ്ല്‍സ് ഓപണറാകുമ്പോള്‍, ഇയാന്‍ ബെല്‍ മൂന്നാമനായത്തെും.

വെബ്ദുനിയ വായിക്കുക