ലോകകപ്പില്‍ മികച്ച രണ്ട് വിജയങ്ങള്‍ പാകിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ നേടിയെങ്കിലും ടീം നടത്തിയ പ്രകടനത്തില്‍ മുന്‍ ഇന്ത്യന്‍ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പൂര്‍ണ തൃപ്തിയില്ല. എങ്കിലും ഇങ്ങനെ കളിച്ചാല്‍ ഇന്ത്യ സെമിഫൈനല്‍ വരെ എത്തുമെന്നാണ് സച്ചിന്‍ പറയുന്നത്. എങ്കിലും കുറച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ പടവുകള്‍ കയറാന്‍ ടീം ഇന്ത്യയ്ക്ക് കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.
നായകന്‍ മഹേന്ദ്രസിങ് ധോണിയെന്ന നായകനില്‍ തനിക്കു വിശ്വാസമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നിരവധി തവണ ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ള നായകനാണ് അദ്ദേഹം. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ ധോണി ലോകകപ്പില്‍ അവസരത്തിനൊത്തുയരും. ഒരു നായകന്‍ ഒരിക്കലും പതറാന്‍ പാടില്ല. സ്വയം മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനൊപ്പം ടീമിനെ മൊത്തത്തില്‍ ഏകോപിച്ചു നയിക്കാനും കഴിയണം. ഒറ്റയാന്‍ പ്രകടനം കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനാകില്ല സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
പൂള്‍ ബിയില്‍ രണ്ടു മല്‍സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച ജയമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയ ധവാന്‍ മികച്ച താരമാണെന്ന് മുന്‍കൂട്ടി കണ്ടിരുന്നു. ഇക്കാര്യം താന്‍ പറയുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവച്ചത്. ഈ പ്രകടനം തുടരാനാകുമെന്നാണ് കരുതുന്നതെന്നും സച്ചിന്‍ പറഞ്ഞു.