തുടരെ പരിക്ക്, കാണികളിൽ നിന്നും അധിക്ഷേപം, പ്രതിസന്ധികളിൽ പതറാതെ ടീം ഇന്ത്യ

തിങ്കള്‍, 11 ജനുവരി 2021 (14:38 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വിജയത്തിന് തുല്യമായ സമനില. ഓസീസ് പരമ്പരയുടെ തുടക്കം മുതലെ പരിക്ക് വലച്ച ഇന്ത്യൻ ടീമിന് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും സമാനമായ അനുഭവം തന്നെയാണ് നേരിടേണ്ടി വന്നത്. മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. കാലിലെ പേശിയിലെ പരിക്കിൽ വലയുന്ന ഹനുമാ വിഹാരി തുടങ്ങിയവരുടെ നിരയുമായി അതുല്യമായ മനോവീര്യം കാണിച്ചാണ് ഇന്ത്യ ഓസീസിൽ നിന്നും മത്സരം തട്ടിയെടുത്തത്.
 
അഞ്ചാം ദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ച ചേതേശ്വർ പൂജാര ഋഷഭ് പന്ത് സഖ്യം പുറത്തായതോടെ ഇന്ത്യക്ക് വേണമെങ്കിൽ മത്സരം സ്വന്തമാക്കാൻ പറ്റുമെന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് ബാറ്റിങ്ങിനിറങ്ങിയത് കാലിലെ പേശി വലിവ് വലയ്‌ക്കുന്ന ഹനുമാ വിഹാരിയും ബാറ്റ്സ്മാൻ പോലുമല്ലാത്ത രവിചന്ദ്ര അശ്വിനും. ജഡേജയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലെ അവസാന ഔദ്യോഗിക ബാറ്റ്സ്മാൻ കൂടിയായ ഹനുമാ വിഹാരിക്കായിരുന്നു ടീമിനെ വിജയത്തിലെത്തിക്കേണ്ട ബാധ്യത. എന്നാൽ ഒരു വിക്കറ്റ് നഷ്ടമായാൽ ടീം തകർന്നടിയുമെന്ന സാധ്യതയുള്ളതിനാൽ ഒരു സമനിലയ്ക്കായിരുന്നു ഇന്ത്യൻ പരിശ്രമം.
 
എന്നാൽ ഒരു വിക്കറ്റിനൊപ്പം കാര്യങ്ങൾ എളുപ്പമെന്ന ഓസീസിന്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കുന്ന പ്രകടനമാണ് വിഹാരി പുറത്തെടുത്തത്. സ്റ്റാര്‍ക്കും ഹേസല്‍വുഡും കമ്മിന്‍സും ലയോണും തിരിച്ചും മറിച്ചും എറിഞ്ഞുനോക്കിയെങ്കിലും വിഹാരി പതറിയില്ല.161 പന്തില്‍ 23 റണ്‍സെടുത്തു നിന്ന ഹനുമാ വിഹാരി ആതിഥേയരുടെ ആത്മവിശ്വാസം ചുരുട്ടിക്കൂട്ടി. 128 പന്തിൽ 39 റൺസുമായി അശ്വിൻ കൂടെ ഒരറ്റത്ത് നിന്നപ്പോൾ ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 259 പന്തിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. രണ്ട് പേരും കൂടി ഓസീസിന് നിഷേധിച്ചത് പരമ്പരയിലെ നിർണായകമായ വിജയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍