ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോട് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഈ ആവശ്യം പാണ്ഡ്യ നിരസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനം കമന്ററിക്കിടെ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനോടാണ് പോണ്ടിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫൈനലില്‍ ഒരൊറ്റ ടെസ്റ്റ് മാത്രമെ കളിക്കേണ്ടു എന്നതിനാലും ഹാര്‍ദ്ദിക് ടീമിലുണ്ടെങ്കില്‍ ടീമിന്റെ സന്തുലനം ഉറപ്പാക്കാം എന്നതിനാലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തിനോട് ഫൈനല്‍ കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവന്‍ കളിച്ചിരുന്നെങ്കില്‍ ഓസീസിന് കാമറൂണ്‍ ഗ്രീന്‍ എന്ന പോലെ ഇന്ത്യയ്ക്ക് ഗുണകരമായേനെ. എന്നാല്‍ ടെസ്റ്റ് കളിക്കാനുള്ള കായികക്ഷമതയില്ലെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി. ഫൈനലില്‍ താന്‍ കളിക്കുന്നത് മറ്റ് കളിക്കാരോട് ചെയ്യുന്ന നീതികേടാണെന്നും വ്യക്തമാക്കി അവന്‍ പിന്മാറിയെന്നാണ് പോണ്ടിംഗ് പറഞ്ഞത്.
അശ്വിനും ജഡേജയും അക്‌സറും ടീമിലുണ്ടെങ്കിലും വിദേശ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്ക് ടീമിലുണ്ടായിരുന്നുവെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുമായിരുന്നു. ശാര്‍ദൂല്‍ ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ താരം തിളങ്ങുമെന്ന് ഉറപ്പില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഹാര്‍ദ്ദിക്കിനെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി ടീമിനായി കളിക്കുന്ന ഏതെങ്കിലും കളിക്കാരനെ മാറ്റി പകരം ഫൈനലില്‍ മാത്രം കളിക്കുന്നത് ഒരു കളിക്കാരനോട് ചെയ്യുന്ന നീതികേടാകുമെന്ന് കാണിച്ച് ഹാര്‍ദ്ദിക് പിന്മാറുകയായിരുന്നു. പോണ്ടിംഗ് വ്യക്തമാക്കി.