തകർത്തടിച്ച് സ്മിത്തും മാക്‌സ്‌വെല്ലും, ഐപിഎല്ലിൽ ഉണ്ടായിരുന്നത് ഇവർ തന്നെയായിരുന്നില്ലേയെന്ന് ആരാധകർ

വെള്ളി, 27 നവം‌ബര്‍ 2020 (14:38 IST)
ഐപിഎല്ലിൽ ഇത്തവണ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരമാണ് ഓസീസ് താരമായ ഗ്ലെൻ മാക്‌സ്‌വെൽ. ഐപിഎല്ലിൽ ഒരു മത്സരത്തിൽ പോലും തിളങ്ങാൻ കഴിയാതിരുന്ന താരത്തിനെ ചിയർ ഗേ‌ൾസുമായാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് താരതമ്യപ്പെടുത്തിയത്. മറ്റ് ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനെതിരെയും സ്റ്റീവ് സ്മിത്തിനെതിരെയും ഉയർന്നതും സമാനമായ വിമർശനങ്ങളാണ്.
 
എന്നാലിപ്പോളിതാ തങ്ങൾക്ക് നേരെ പരിഹസിച്ചവർക്കെതിരെ തക്കതായി മറുപടി നൽകിയിരിക്കുകയാണ് ഓസീസ് താരങ്ങൾ. ഒരു നായകന്റെ സെഞ്ചുറിയുമായി ഫിഞ്ച് ഒരറ്റത്ത് നിലയുറപ്പിച്ചപ്പോൾ തങ്ങളെ പരിഹസിച്ചവരുടെ നെഞ്ചത്ത് അവസാനത്തെ ആണിയും അടിക്കുന്ന തിരക്കിലായിരുന്നു സ്റ്റീവ് സ്മിത്തും ഗ്ലെൻ മാക്‌സ്വെല്ലും.
 
തന്റെ പതിവ് രീതികൾ വിട്ട് വെടിക്കെട്ട് പ്രകടനം നടത്തിയ സ്മിത്ത് 66 പന്തിൽ 105 റണ്‍സെടുത്താണ് പുറത്തായത്. 4 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. മാക്‌സ്‌വെൽ ആകട്ടെ  19 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സ് നേടി. ഐപിഎല്ലിൽ ഒരു സിക്‌സ് പോലും താരത്തിന് നേടാനായില്ല എന്ന കണക്കുകൾ മുന്നിൽ നിൽക്കുമ്പോഴാണ് തന്റെ ഐപിഎൽ ക്യാപ്‌റ്റനെ സ്റ്റമ്പിന് പിന്നിൽ നിർത്തി മാക്‌സ്‌വെൽ ആഞ്ഞടിച്ചത്.
 
ഐപിഎല്ലിൽ പരാജയമായ 3 താരങ്ങൾക്കൊപ്പം വാർണറുടെ 69 റൺസ് പ്രകടനം കൂടി ചേർന്നപ്പോൾ ഓസ്ട്രേലിയ സ്വന്തമാക്കിയത് 374 എന്ന കൂറ്റൻ സ്കോർ. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ഇന്ത്യൻ ബൗളർമാരെല്ലാം കണക്കിന് തല്ല് വാങ്ങുന്നതിനും മത്സരം സാക്ഷിയായി. 3 വിക്കറ്റുകൾ സ്വന്തമാക്കാനായ മുഹമ്മദ് ഷമിക്ക് മാത്രമെ ബൗളർമാരിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍