എന്നെ പുറത്താക്കിയതിലും വിഷമമുണ്ടായിരുന്നില്ല, ആറാം നമ്പറിൽ കളിക്കുന്ന വിജയ് ശങ്കർ ടീമിലെത്തിയത് അത്ഭുതപ്പെടുത്തി: അമ്പാട്ടി റായിഡു

വ്യാഴം, 15 ജൂണ്‍ 2023 (16:05 IST)
2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും അന്നത്തെ ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങളിലൊരാളായ അമ്പാട്ടി റായിഡുവിനെ നാലാം നമ്പര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതും പകരക്കാരനായി വിജയ് ശങ്കറെ ടീമിലെത്തിച്ചതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 2018ല്‍ ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നിട്ടും ലോകകപ്പ് പോലൊരു സുപ്രധാന ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഈ സംഭവത്തെ പറ്റി വീണ്ടും മനസ്സ് തുറന്നിരിക്കുകയാണ് അമ്പാട്ടി റായിഡു. ടിവി9 തെലുങ്കുവിന് നല്‍കിയ അഭിമുഖത്തിലാണ് റായുഡു മനസ്സ് തുറന്നത്.
 
തനിക്ക് ടീമില്‍ അവസരം നിഷേധിച്ചതല്ല തന്നെ സങ്കടപ്പെടുത്തിയതെന്നും നാലാം നമ്പറില്‍ കളിക്കുന്ന തനിക്ക് പകരം ആറാം നമ്പറില്‍ കളിക്കുന്ന ഒരു താരത്തെ കൊണ്ടുവന്നതാണെന്നും അമ്പാട്ടി രായുഡു പറയുന്നു. നോക്കു ഇപ്പോള്‍ എനിക്ക് പകരം എന്റെ അതേ പൊസിഷനില്‍ കളിക്കുന്ന അജിങ്ക്യ രഹാനെയെ പോലെ ഒരു താരത്തെയാണ് കൊണ്ടുവരുന്നതെങ്കില്‍ നമുക്കത് മനസിലാക്കാം. എല്ലാവര്‍ക്കും ഇന്ത്യ ജയിച്ചു കാണാനാണ് ആഗ്രഹം. എനിക്കും അങ്ങനെ തന്നെ. എന്റെ പകരം ഒരാളെ ടീമില്‍ എടുക്കുമ്പോള്‍ അയാള്‍ ടീമിന് പ്രയോജനപ്പെടണമല്ലോ. ഇത് വിജയ് ശങ്കറെ പറ്റിയല്ല. അയാള്‍ അയാളുടെ കളി കളിക്കുന്നു ഞാന്‍ എന്റെയും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് തൊട്ട് മുന്‍പ് എന്ത് അടിസ്ഥാനത്തിലാണ് ഈ മാറ്റം വരുത്തിയതെന്നാണ് എനിക്ക് മനസിലാകാത്തത്.
 
ചിലപ്പോള്‍ മാനേജ്‌മെന്റില്‍ എന്നെ ഇഷ്ടപ്പെടാത്തവുണ്ടാകാം. എന്നാല്‍ ഒരൊറ്റ ആളുടെ തീരുമാനമനുസരിച്ചല്ല ടീമിന്റെ നല്ലതിനെ കണ്ടുകൊണ്ടാകണം ടീം തിരെഞ്ഞെടുക്കേണ്ടത്. എനിക്ക് വിജയ് ശങ്കറെ ടീമിലെടുത്തതിന്റെ ലോജിക്കാണ് മനസിലാകാത്തത്. അവന്‍ ആറാമതും ഏഴാമതും കളിക്കുന്ന താരമാണ്. ടീമിലെ നിര്‍ണായക സ്ഥാനമായ നാലാം സ്ഥാനത്തേക്ക് എങ്ങനെ അവനെ പരിഗണിക്കാനാകും.ലോകകപ്പിന് മുന്‍പ് അതേ സാഹചര്യങ്ങളുള്ള ന്യൂസിലന്‍ഡിലെ സാഹചര്യത്തില്‍ കളിച്ച താരമായിരുന്നു ഞാന്‍. മികച്ച രീതിയില്‍ ഞാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. പിന്നീട് എന്തുണ്ടായെന്ന് അന്ന് ടീം തെരെഞ്ഞെടുത്തവരോടാണ് ചോദിക്കേണ്ടത്. റായുഡു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍