“വേദനയോടെയാണെങ്കിലും എനിക്കവരോട് അങ്ങനെ പറയേണ്ടിവന്നു, എനിക്കും തെറ്റുകള്‍ സംഭവിച്ചു” - കോഹ്‌ലി
തിങ്കള്‍, 12 ജൂണ്‍ 2017 (18:23 IST)
ശ്രീലങ്കയില്‍ നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി നേരിടുകയും അതിശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം. ലങ്കയില്‍ നിന്ന് തോല്‍വി രുചിക്കേണ്ടി വന്നതോടെ ചില കാര്യങ്ങള്‍ സഹതാരങ്ങളോട് വേദനയോടെ തുറന്നു പറയേണ്ടിവന്നുവെന്നാണ് കോഹ്‌ലി വെളിപ്പെടുത്തിയിരിക്കുന്നത്.
വീഴ്‌ചകളും തെറ്റുകളും സഹതാരങ്ങളോട് നേരിട്ട് പറയുന്നത് കുറച്ചു വിഷമമുണ്ടാക്കുന്ന കാര്യമാണ്. തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് മുന്നേറണമെങ്കില്‍ വേദനിപ്പിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞേ മതിയാകൂ. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ തെറ്റുകള്‍ വരാന്‍ പാടില്ല. വീഴ്‌ചകള്‍ ആവര്‍ത്തിക്കാനല്ല കോടിക്കണക്കിനാളുകളില്‍ നിന്ന് നാം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും കോഹ്‌ലി പറയുന്നു.
വേദനിപ്പിക്കുന്ന കാര്യങ്ങൾ സഹതാരങ്ങളോട് പറയേണ്ടിവരുന്നത് നല്ലതിനു വേണ്ടിയാണ്. അടുത്ത മത്സരത്തില്‍ അതിന്റെ ഫലം പ്രതീക്ഷിച്ചാണ് തുറന്നു സംസാരിക്കുന്നത്. നിങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് ഒന്നോ രണ്ടോ കളിക്കാരോട് മാത്രമല്ല ഇതു പറയുന്നത്. മറിച്ച് ടീമിലെ എല്ലാവരോടുമായിട്ടാണ് നാം ഇത് പറയുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.
എനിക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. സത്യസന്ധതയോടെ പറയേണ്ട കാര്യങ്ങൾ പറയേണ്ട രീതിയിൽ പറഞ്ഞാല്‍ മാത്രം മതി. കൂടെയുള്ളത് പ്രഫഷനൽ താരങ്ങളും മിക്കവരും നിരവധി മൽസരങ്ങളിൽ എനിക്കൊപ്പം കളിച്ചിട്ടുള്ളവരുമാണ്. അവരെ അനാവശ്യമായി വിമർശിക്കുന്നതിൽ കാര്യമില്ല. നെറ്റ്‌സിലെ പരിശീലനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ടീമില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച് കോഹ്‍ലി മനസു തുറന്നത്.