രക്ഷകനാകുമോ... ? പരിശിലനം ആരംഭിച്ച് ക്രിസ് ഗെയ്ൽ, ബാംഗ്ലൂരിനെതിരെ ഇറങ്ങും

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (13:30 IST)
ഷാര്‍ജ: തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോൾ പഞ്ചാബ് ആരാധകർ ഏറ്റവുംകൂടുതൽ  ആവർത്തിച്ച ചോദ്യം എന്തുകൊണ്ട് ക്രിസ് ഗെയിലിനെ ഇറക്കുന്നില്ല എന്നതായിരുന്നു. പഞ്ചാബ് ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരം പരിശീലനം പുനരാംഭിച്ചു. ഇതോടെ പഞ്ചാബിന്റെ അടുത്ത മത്സരത്തിൽ ഗെയിൽ ഇറങ്ങുമെന്ന് ഉറപ്പായി. വ്യാഴാഴ്ച ആര്‍സിബിക്ക് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
  
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നതിനാലാണ് കഴിഞ്ഞ മത്സരങ്ങൾ ഗെയ്‌ലിന് നഷ്ടമായത്. പഞ്ചാബ് ബാറ്റിങ് നിര തകർച്ച നേരിടുന്നതിനാൽ ഗെയിലിലാണ് ഇപ്പോൾ പഞ്ചാബ് ആരാധാർ പ്രതീക്ഷവയ്ക്കുന്നത്. പോയന്റ് പട്ടികയിൽ ഏറ്റവും അവസാനമാണ് നിലവിൽ പഞ്ചാബിന്റെ സ്ഥാനം. ഇതിൽ മാറ്റം വരുത്താൻ ഗെയ്‌ൽ ടീമിലെത്തുന്നതോടെ സാധിയ്ക്കും എന്നാണ് ടീം മാനേജുമെന്റിന്റെയും പ്രതീക്ഷ. മാക്‌സ് വെല്ലിന് പകരം വിദേശ കളിക്കാരുടെ ക്വാട്ടയിലാണ് ഗെയിൽ പ്ലെയിങ് ഇലവനിൽ എത്തുക. ഇതോടെ ഗെയ്‌ൽ രാഹുൽ കൂട്ടുകെട്ടാകും പഞ്ചാബിനായി ഓപ്പൺ ചെയ്യുക. 
 
നിലവിൽ രാഹുലിനൊപ്പം ഓപ്പൺ ചെയ്യുന്ന മായങ്ക് അഗർവാളിനെ മൂന്നാം നമ്പറിലായിരിയ്ക്കും ഇറക്കുക. ഇത് ടീമിനെ കൂടുതൽ സന്തുലമാക്കും. കെ എല്‍ രാഹുലിനൊപ്പം ഗെയ്ല്‍ എത്തുന്നതോടെ അത് ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യും. കഴിഞ്ഞ സീസണിൽ ഉൾപ്പടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഇതുകൂടാതെ വലംകൈ ഇടംകൈ ഓപ്പണിങ് കൂട്ടുകെട്ട് ബൗളർമാർക്ക് പ്രതിസന്ധി തീർക്കും. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഒരുപോലെ തകർച്ച നേരിടുന്ന പഞ്ചാബിന് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍