പാകിസ്ഥാനെതിരായ ആദ്യ ടി20യിൽ മികച്ച സ്കോർ നേടാനായില്ലെങ്കിലും ഹോങ്കോങ്ങിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് സൂര്യകുമാർ യാദവ്. ടി20 ഫോർമാറ്റിൽ ചേരുന്നത് പോലെ റൺ നിരക്ക് കുറയാതെ തന്നെ സ്കോർ ചെയ്യുന്നതിൽ ടീമിലെ ഏറ്റവും വിദഗ്ധനാണ് സൂര്യകുമാർ. നിലവിലെ സൂര്യയുടെ ഫോം കൂടി കണക്കിലെടുക്കുമ്പോൾ താരം കൂടുതൽ സമയം ക്രീസിൽ നിൽക്കുന്നത് ടീം ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
നിലവിൽ കോലിയേക്കാൾ മികച്ചു നിൽക്കുന്നത് സൂര്യകുമാർ യാദവാണ്. അതിനാൽ തന്നെ മൂന്നാം നമ്പറിൽ സൂര്യ ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുക. ഒരാൾക്ക് ഫോമിലേക്ക് മടങ്ങിയെത്താനായി മറ്റൊരാളുടെ ഫോമിനോട് വഞ്ചന കാണിക്കരുത്. ഇംഗ്ലണ്ടിൽ എല്ലാവരും ബുദ്ധിമുട്ടിയപ്പോൾ സൂര്യ ഉജ്ജ്വലമായാണ് കളിച്ചത്. വിൻഡീസിലും അങ്ങനെ തന്നെ.
അദ്ദേഹത്തിന് 20കളല്ല പ്രായം. സൂര്യയ്ക്ക് 30 വയസായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സൂര്യയ്ക്കും അധിക സമയമില്ല. മൂന്നാം നമ്പറിൽ അദ്ദേഹത്തെ ബാറ്റിങ്ങിനിറക്കി അദ്ദേഹത്തിൻ്റെ ഫോം പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇത്രയും പരിചയസമ്പന്നനായ കോലിക്ക് നാലാം നമ്പറിൽ കളിക്കാവുന്നതേയുള്ളുവെന്നും ഗംഭീർ പറഞ്ഞു.