യുവരാജ് ടീം ഇന്ത്യയില്‍ നിന്ന് തഴയപ്പെടാന്‍ കാരണം ആ യുവതാരം ? കട്ടക്കലിപ്പില്‍ ആരാധകര്‍ !

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (12:47 IST)
ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ ഹീറോ ആയിരുന്നു യുവരാജ് സിങ്ങ്. എന്നാല്‍ യുവിയ്ക്ക് ടീം ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയിലാണ് യുവിയുടെ ആരാധകര്‍. ഓസീസുമായുള്ള ഏകദിന പരമ്പര ടീമില്‍ നിന്നും ഒഴിവാക്കിയ യുവരാജിനെ ട്വന്റി20 പരമ്പരയില്‍ നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയതോടെയാണ് ആരാധകര്‍ നിരാശരായത്.
 
വെസ്റ്റന്‍ഡീസ് പര്യടനത്തിലായിരുന്നു യുവി അവാസനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. എന്നാല്‍, ആ പര്യടനത്തില്‍ ടീമിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ താരത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന ശ്രീലങ്കന്‍ പര്യടനത്തിലും യുവിക്കു പുറത്തിരിക്കാനായിരുന്നു വിധി. ട്വന്റി20യില്‍ മികച്ച റെക്കോഡുള്ള യുവിയെ ഓസീസിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് യുവിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സംശയത്തിലാക്കിയിരിക്കുന്നത്. 
 
അതേസമയം, ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് യുവിയ്ക്ക് ടീമിലേക്കുള്ള തിരിച്ചുവരവ് മുടക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ യുവിയുടെ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം ഓസീസുമായുള്ള ഏകദിന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ കയ്യടക്കുകയും ചെയ്തിരുന്നു. ഓസീസിനെതിരെ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് 222 റണ്‍സാണ് പാണ്ഡ്യ നേടിയതെന്നതും ശ്രദ്ധേയമാണ്. 
 
അതുപോലെ ബോളിങ്ങിലും മികവ് പുലര്‍ത്തിയ താരം ആറു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ പുതിയ വാഗ്ദാനമാണ് ഹാര്‍ദിക് പാണ്ഡ്യ എന്നായിരുന്നു കപില്‍ദേവ്, സുനില്‍ ഗവാസ്‌ക്കര്‍ തുടങ്ങിയ പ്രമുഖര്‍ പറഞ്ഞത്. മാത്രമല്ല ഹാര്‍ദിക്കിനെ പോലുള്ള ഒരു താരത്തെയാണ് ഇന്ത്യ ഇതുവരെ തേടിക്കൊണ്ടിരുന്നതെന്ന് കോഹ്ലിയും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് യുവിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ആശങ്കയിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍