ലോകകപ്പില്‍ ഭയക്കേണ്ടത് ഇംഗ്ലണ്ടിനെ മാത്രമല്ല; ആര്‍ക്കെതിരെ ജാഗ്രതയോടെ കളിക്കണം ? - സ്‌റ്റീവോ പറയുന്നു
ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും ഓസ്‌ട്രേലിയയെ ഭയപ്പെടണമെന്ന് മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് വോ. ഓസീസ് ടീമിന്റെ കരുത്ത് എല്ലാവര്‍ക്കുമറിയാം. ജാഗ്രതയോടെ വേണം എതിരാളികള്‍ ഇത്തവണ അവരെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ട് മാസക്കാലം നല്ല നാളുകളായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടീമിന്. എന്നാല്‍ ആ സമയം ഇപ്പോള്‍ മാറി. മികച്ച താരങ്ങളായ സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും വിലക്കിന് ശേഷം തിരിച്ചെത്തിയതോടെ ടീം അതിശക്തമായെന്നും സ്‌റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷം വിലക്ക് നേരിട്ട സ്‌മിത്തും വാര്‍ണറും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് ലോകകപ്പിലേത്. ഐ പി എല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.