ധോണിയുടെ രാജിയും യുവരാജിന്റെ ടീമിലെ സ്ഥാനവും; പൊട്ടിത്തെറിച്ച് യുവിയുടെ പിതാവ്
ബുധന്‍, 11 ജനുവരി 2017 (14:30 IST)
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്ത്.
ധോണി നായകസ്ഥാനത്ത് നിന്ന് മാറിയതു കൊണ്ടാണ് യുവരാജിന് ടീമില്‍ വീണ്ടും അവസരം ലഭിച്ചത്. നായകസ്ഥാനത്തു നിന്ന് ധോണി മാറിയാല്‍ മാത്രമെ തന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയുള്ളൂവെന്ന് രണ്ട് വര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നതാണെന്നും യുവരാജിന്റെ പിതാവ് യോഗരാജ് സിംഗ് വ്യക്തമാക്കി.
മഹാരാഷ്ട്ര ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗരാജിന്റെ പ്രതികരണം.
യുവരാജിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ധോണിക്കെതിരെ രൂക്ഷ ആരോപണമായിരുന്നു യോഗരാജ് നടത്തിയത്. യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ധോണിയാണെന്നും അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു.
അതേസമയം, നായകസ്ഥാനം രാജിവച്ച ധോണിയെ പുകഴ്‌ത്തി കഴിഞ്ഞ ദിവസം യുവരാജ് രംഗത്തെത്തിയിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണ്. അദ്ദേഹവുമൊത്ത് എന്നും ആസ്വദിച്ചാണ് കളിച്ചത്. ഇതാണ് കൃത്യമായ സമയം എന്ന തോന്നല്‍ മൂലമാകാം അദ്ദേഹം നായകസ്ഥാനം കൈമാറാന്‍ തീരുമാനിച്ചതെന്നും യുവി വ്യക്തമാക്കിയിരുന്നു.