ട്വന്റി20 ലോകകപ്പ്: ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കുമെന്ന് പാക് സര്‍ക്കാര്‍

വ്യാഴം, 25 ഫെബ്രുവരി 2016 (17:03 IST)
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാക് സർക്കാർ അനുമതി നല്‍കി. ടീമിന്റെ സുരക്ഷ ശക്തമാക്കാൻ ഐ സി സി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ശഹരിയാർ ഖാൻ കത്തയച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്വന്റി20 ലോകകപ്പ് കാണാനായി വരുന്ന പാക് ആരാധകർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇന്ത്യ ഒരുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ ടീമിന്റെ മൽസരങ്ങളിൽ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പാക് ക്രിക്കറ്റ് ബോർഡിന് സർക്കാർ അനുമതി നൽകാൻ വൈകിയിരുന്നു. ഐ സി സി ബോർഡ് യോഗത്തിൽ ശഹരിയാർ ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ പാകിസ്ഥാന്റെ മൽസരങ്ങൾ നിഷ്‌പക്ഷ വേദികളിലേക്ക് മാറ്റണമെന്നും അവർ നിർദേശിച്ചിരുന്നു.

മാർച്ച് 22 നാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.ന്യൂസിലൻഡ് ആണ് പാകിസ്ഥാന്റെ എതിരാളികള്‍.  മാർച്ച് 19ന് ധർമ്മശാലയിലാണ് ചിരകാല വൈരികളായ ഇന്ത്യയുമായി പാകിസ്ഥാന്റെ മത്സരം.

വെബ്ദുനിയ വായിക്കുക