ഇന്ത്യ-വിന്‍ഡീസ് ടീമുകളെത്തി; ടോസ് നിര്‍ണായകമെന്ന് ധോണി

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (13:30 IST)
കൊച്ചി ഏകദിനത്തിനായി ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തി. 12.45ന് ശേഷമാണ് ഇരു ടീമുകളും ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. വിന്‍ഡീസ് ടീമാണ് ആദ്യം കലൂര്‍ സ്റ്റേഡിയത്തിലെത്തിയത്. തൊട്ട് പിന്നാലെ  ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തിലെത്തി. നേരത്തെ ഇന്ത്യന്‍ ടീം ഒഫീഷ്യലുകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. രണ്ടുമണിക്ക് ടോസ് ഇടാനായി ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ സ്റ്റേഡിയത്തിലെത്തും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മല്‍സരം ആരംഭിക്കുന്നത്.

നേരത്തെ പ്രതിഫലത്തെചൊല്ലി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ടീം അംഗങ്ങളും തമ്മിലുള്ള തര്‍ക്കം മല്‍സരത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതായും കളി ക്രത്യ സമയത്ത് തന്നെ തുടരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യു വ്യക്തമാക്കുകയായിരുന്നു. സ്‌റ്റേഡിയത്തിലേക്ക് മുഴുവന്‍ കാണികളെയും പ്രവേശിപ്പിച്ചു കഴിഞ്ഞു. മഴ മാറി വെയില്‍ തെളിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.  

നേരത്തെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്ന് ടീം ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ കുട്ടികളോടെന്ന പോലെയാണ് ബോര്‍ഡ് തങ്ങളോട് പെരുമാറുന്നത്. ബോര്‍ഡ് കളിക്കാരെ പരിഹസിക്കുകയാണെന്നും ട്വിറ്റര്‍ വഴി ബ്രാവോ കുറ്റപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് പ്ളെയേഴ്സ് അസോസിയേഷനും (ഡബ്ള്യൂഐപിഎ) വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും (ഡബ്ള്യുഐസിബി) തമ്മില്‍ കളിക്കാരുടെ വേതനവ്യവസ്ഥകള്‍ സംബന്ധിച്ച കരാര്‍ തയാറാക്കിയിരുന്നു.

ഇതു കളിക്കാരോട് ആലോചിക്കാതെയുള്ള കരാറായിരുന്നുവെന്നും കരാര്‍ അംഗീകരിക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ഡ്വെയിന്‍ ബ്രാവോ ഡബ്ള്യൂ ഐപിഎ പ്രസിഡന്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ കാരണത്താലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക