അവസാന പന്ത് വരെ അനശ്ചിതത്വം നീണ്ട മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ ചെന്നൈക്ക് രണ്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് താരതമ്യേന ചെറിയ സ്കോറായ 134 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെച്ചിട്ടും അവസാന ഓവറില്‍ രണ്ടു റണ്‍സിന്‍െറ ജയവുമായി ധോണിയും സംഘവും ലീഗില്‍ 12 പോയന്റുമായി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ചെന്നൈ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് ആവശ്യമായിരിക്കെ രണ്ടു ഫോറും ഒരു സിക്സും പറത്തി തന്നാല്‍ കഴിയുന്നതുപോലെയെല്ലാം ശ്രമിച്ച കൊല്‍ക്കത്തയുടെ റയാന്‍ ടെന്‍ ടോസ്ചെറ്റിന്(38*) ചെന്നൈയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തലകുനിക്കാനായിരുന്നു വിധി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണിങ് വിക്കറ്റില്‍ മക്കല്ലവും (14 പന്തില്‍ 19) ഡ്വെയ്ന്‍ സ്മിത്തും (19 പന്തില്‍ 25) 4.4 ഓവറില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് അവരുടെ സ്‌കോറിങ് വേഗം കുറച്ചു. സുരേഷ് റെയ്‌ന (21 പന്തില്‍ 17), ഫാഫ് ഡുപ്ലസി (29 പന്തില്‍ 29), രവീന്ദ്ര ജഡേജ (20 പന്തില്‍ 15) എന്നിവരാണ് ചെന്നൈ സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയവര്‍.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഫോമിലുള്ള ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ (0) രണ്ടാം പന്തില്‍ തന്നെ നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയുടെ (17 പന്തില്‍ 39) മികവില്‍ ഇന്നിങ്‌സ് മുന്നോട്ടുനീങ്ങി. എന്നാല്‍ ഉത്തപ്പ മടങ്ങിയതോടെ സ്‌കോര്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ വിഷമിച്ചു. മനീഷ് പാണ്ഡെ (20 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 16), യൂസഫ് പഠാന്‍ (18 പന്തില്‍ 13) എന്നിവര്‍ ചെറിയ സ്‌കോറുകളില്‍ പുറത്തായതോടെ കൊല്‍ക്കത്ത പരാജയം മണത്തു. എന്നാല്‍ അവസാന പന്ത് വരെ പോരാടിയ ടെന്‍ ഡോഷ്ചാറ്റെ (28 പന്തില്‍ 38) കൊല്‍ക്കത്തയെ വിജയത്തിനടുത്ത് വരെ എത്തിക്കുകയായിരുന്നു.
മൂന്ന് ഓവറില്‍ 22 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ ബൗളിങ്ങിനെ നയിച്ചത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും റണ്‍ വിട്ടുകൊടുക്കാതിരുന്ന ബ്രാവോയുടെ പ്രകടനം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം നല്‍കി മൂന്നു വിക്കറ്റെടുക്കുകയും രണ്ടു ക്യാച്ചെടുക്കുകയും ചെയ്ത ഡ്വെ്ന്‍ ബ്രാവോയും രണ്ട് ഓവറില്‍ അഞ്ചു റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റെടുത്ത ആര്‍. അശ്വിനുമാണ് ചെന്നൈയെ വിജയതീരത്തേക്ക് അടുപ്പിച്ചത്. ബ്രാവോ കളിയിലെ കേമനായി.
റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ സ്പിന്നര്‍മാരും ചെന്നൈക്കായി മികച്ച പ്രകടനം പുറത്തെടുത്തു. സ്പിന്നര്‍ രവി അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഈശ്വര്‍ പാണ്ഡെ, ആശിശ് നെഹ്‌റ, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്ത നിരയില്‍ പിയൂഷ് ചൗളയും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബ്രാഡ് ഹോഡ്ജ് നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.