ഒരു നായകന് ടീമിനെ കെട്ടിപ്പടുക്കാനും നശിപ്പിക്കാനും സാധിക്കും. ഈ ലോകകപ്പൊന്ന് കഴിയട്ടെ പറയാൻ ഒരുപാടുണ്ട്, ബാബറിനെതിരെ ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ

തിങ്കള്‍, 10 ജൂണ്‍ 2024 (20:13 IST)
ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയോട് തോല്‍വി നേരിട്ടതിന് പിന്നാലെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍. പാകിസ്ഥാന്‍ ടീമിനുള്ളിലെ കാര്യങ്ങള്‍ സുഖകരമല്ലെന്നും ലോകകപ്പ് കഴിഞ്ഞതിന് ശേഷം എല്ലാം തുറന്ന് പറയുമെന്ന് മുന്‍ പാക് നായകന്‍ കൂടിയായ ഇതിഹാസ താരം ഷാഹിദ് അഫ്രീദി വ്യക്തമാക്കി. ഒരു നായകന് ടീമിനെ കെട്ടിപ്പടുക്കാനും നശിപ്പിക്കാനും സാധിക്കും.ഞാന്‍ ഇപ്പോള്‍ ഷഹീന്‍ അഫ്രീദിയെ പിന്തുണച്ച് സംസാരിച്ചാല്‍ അവന്‍ എന്റെ മരുമകന്‍ ആയതുകൊണ്ടാണെന്ന് പറയും. ലോകകപ്പൊന്ന് കഴിയട്ടെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഷാഹിദ് അഫ്രീദി പറയുന്നു.
 
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാക് ടീം നാണം കെട്ട് മടങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ നായകസ്ഥാനത്ത് നിന്നും നായകന്‍ ബാബര്‍ അസമിനെ ഒഴിവാക്കിയിരുന്നു. പകരം നായകനായി ഷഹീന്‍ അഫ്രീദിയെ തിരെഞ്ഞെടുത്തെങ്കിലും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തോറ്റതോടെ വീണ്ടും നായകസ്ഥാനം ബാബര്‍ അസമിനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് കഴിഞ്ഞ് പാക് ടീമിലെ പ്രശ്‌നങ്ങളെ പറ്റി സംസാരിക്കാമെന്ന് ഷാഹിദ് അഫ്രീദി വ്യക്തമാക്കിയത്.
 
 അതേസമയം ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള നിലവിലെ പാകിസ്ഥാന്‍ ടീമിന് സൂപ്പര്‍ എട്ടിലെത്താന്‍ യാതൊരു അര്‍ഹതയുമില്ലെന്നും വിജയിക്കാനായി യാതൊരു ശ്രമവും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മുന്‍ പാകിസ്ഥാന്‍ താരമായ ഷോയെബ് അക്തര്‍ കുറ്റപ്പെടുത്തി. അതേസമയം അവസാന ഓവറുകളില്‍ ഡോട്ട് ബോള്‍ കളിച്ച ഇമാദ് വസീമാണ് പാകിസ്ഥാന്റെ തോല്‍വിക്ക് കാരണമെന്ന് മുന്‍ പാകിസ്ഥാന്‍ നായകനായ ഷോയെബ് മാലിക് കുറ്റപ്പെടുത്തി. മത്സരത്തില്‍ 59 ഡോട്ട് ബോളുകളാണ് പാക് ഇന്നിങ്ങ്‌സില്‍ സംഭവിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍