2022 ഡിസംബറില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ബാബര്‍ അവസാനമായി അര്‍ധ സെഞ്ചുറി നേടുന്നത്. അതിനുശേഷം 616 ദിവസങ്ങള്‍ കഴിഞ്ഞു. ഇക്കാലയളവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ബാബറിനു നേടാന്‍ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 11 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 64 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്താകുകയും ചെയ്തു. 2022 ല്‍ ന്യൂസിലന്‍ഡിനെതിരെ 161 റണ്‍സ് നേടിയതിനു ശേഷം 16 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ബാബര്‍ ബാറ്റ് ചെയ്തു. ഒരു ഇന്നിങ്‌സില്‍ പോലും വ്യക്തിഗത സ്‌കോര്‍ 50 എത്തിയിട്ടില്ല. 2023 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 15 ഇന്നിങ്‌സുകളില്‍ നിന്ന് 21.13 ശരാശരിയില്‍ ബാബര്‍ നേടിയിരിക്കുന്നത് 317 റണ്‍സ് മാത്രം. 41 റണ്‍സാണ് ഇക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
54 ടെസ്റ്റുകളില്‍ നിന്ന് 44.51 ശരാശരിയില്‍ 3,962 റണ്‍സാണ് ബാബര്‍ ഇതുവരെ പാക്കിസ്ഥാനു വേണ്ടി നേടിയിരിക്കുന്നത്. ഒന്‍പത് സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും അടക്കമാണിത്. 2022 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 69.64 ശരാശരിയില്‍ 1,184 റണ്‍സ് ബാബര്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. അങ്ങനെയൊരു താരമാണ് ഇപ്പോള്‍ അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിക്കാതെ ആരാധകരെ പൂര്‍ണമായി നിരാശപ്പെടുത്തുന്നത്.